KeralaLatest NewsArticle

ആന്തൂര്‍ സംഭവത്തില്‍ പികെ ശ്യാമളയെ കൈവിടാതെ പിണറായി, കുറ്റം ഉദ്യോഗസ്ഥര്‍ക്ക്-   വെറുതെയല്ല സര്‍ നിങ്ങളെ ജനം തള്ളിപ്പറയുന്നത്

- നിത്യ രാമചന്ദ്രന്‍

കര്‍ക്കശക്കാരനായ പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയന്‍ ശോഭിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് സഖാക്കള്‍ ഇനിയും പഠിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ ആകുമായിരുന്നില്ല. സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സംഭവത്തില്‍ ഇരയുടെ പക്ഷം മുഖ്യമന്ത്രി ചിന്തിക്കുകയോ ആന്വേഷിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല വേട്ടക്കാരെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നത് എത്രമാത്രം അപഹാസ്യകരമാണ്.

syamala

കേസില്‍ ആരോപണവിധേയയായ നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ സംരക്ഷിച്ച് കുറ്റം ഉദ്യോഗസ്ഥരുടേതാണെന്ന് വരുത്തിത്തീര്‍ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. സാജന്റെ ആത്മഹത്യയില്‍ പ്രേരണകുറ്റത്തിന് പികെ ശ്യാമള അടക്കമുള്ളവരുടെ പേരില്‍ കേസെടുക്കണമെന്ന പ്രതിപക്ഷ നിലപാടിനെയും പിണറായി എതിര്‍ത്തു. ആന്തൂര്‍ സംഭവം സിപിഎമ്മിന് എതിരായി തിരിച്ചുവിടാനുള്ള ശ്രമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ മാനസികസമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന്റെ വേദനയല്ല പാര്‍ട്ടി നേതാക്കളുടെ പ്രതിഛായ മങ്ങുന്നതാണ് മുഖ്യമന്ത്രിക്ക് വലുതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സഭയിലെ ഓരോ വാക്കും. നിയമസഭയുടെ പരിരക്ഷയില്‍ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതണ്ടെന്ന താക്കീതാണ് ആന്തൂര്‍ പ്രശ്നമുന്നയിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രി നല്‍കിയത്.

pinarayi vijayan

തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഉള്ളതെന്നും ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. എം.വി.ഗോവിന്ദന്‍ മാസ്റ്ററെ എല്ലാവര്‍ക്കും അറിയാമെന്നും പി.ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെതിരെ തിരിയേണ്ടതില്ലെന്നും പറഞ്ഞ പിണറായി അതേ സമയം തെറ്റ് ചെയ്താല്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎം പ്രതിസ്ഥാനത്താണെന്ന് വ്യക്തമായിട്ടും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്ന ആരോപണം പൂര്‍ണമായും ശരിവയ്ക്കുന്നതാണ് സഭയിലെ പിണറായിയുടെ വാക്കുകള്‍. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പികെ ശ്യാമളയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും അവരുടെ പദവിക്ക് ഒരു അനക്കവും വരാതൈ കാത്തുസൂക്ഷിക്കുന്നുണ്ട് ഭര്‍ത്താവ് എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍.

sajan 1

സാജന്റെ ആത്മഹത്യയില്‍ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തുമെന്നും പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തി വളരെ ലഘുവായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇത് എടുത്തുപറയുകയും ചെയ്തു. സിപിഎമ്മിലെ വിഭാഗീയതയാണ് ആന്തൂരിലെ പ്രശ്നമെന്നും പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ ആക്രമിക്കാന്‍ കിട്ടിയ അവസരം പക്ഷേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാഴാക്കിയില്ല. പ്രവാസികള്‍ക്കൊരു കയര്‍ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയുടെ മേല്‍ പിണറായി കുറ്റം ചുമത്തുമ്പോള്‍ നഗഗരസഭാ ഭരണസമിതി എന്തിനാണെന്ന ചെന്നിത്തലയുടെ ചോദ്യം തന്നെയാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയുമൈങ്കില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി പോരേയെന്നുമുള്ള ചെന്നിത്തലയുടെ ചോദ്യവും കുറിക്കുകൊള്ളുന്നതാണ്.

കോടികള്‍ ചെലവഴിച്ച് പണിത കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിയപ്പോള്‍ ഇക്കാര്യത്തില്‍ ആത്മഹത്യ ചെയ്ത പ്രവാസി സിപിഎം നേതാവ് പി ജയരാജനോട് സഹായം ആവശ്യപ്പെട്ടത് എംവി ഗോവിന്ദന്റെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ പികെ ശ്യാമളയെ ചൊടിപ്പിച്ചെന്നും അവര്‍ മനപൂര്‍വ്വം അനുമതി നിഷേധിച്ചെന്നുമാണ് സാജന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ആന്തൂരിലെ ഉള്‍പ്പാര്‍ട്ടി പോരിന്റെ പേരില്‍ ബലിയാടായ ഒരു നിരപരാധിക്ക് നീതി ഉറപ്പാക്കാനല്ല അയാളെ വേട്ടയാടിയവരെ സംരക്ഷിക്കാനാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. കര്‍ക്കശക്കാരിയായ നഗരസഭാ അധ്യക്ഷയും കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥവൃന്ദവും പാര്‍ട്ടിയിലെ ഉള്‍പ്പോരും തകര്‍ത്തെറിഞ്ഞത് ഒരു കുടുംബത്തെയാണ്. തന്റെ മുന്നിലെത്തുന്ന പലരോടും നഗരസഭാ അധ്യക്ഷ മോശമായി പെരുമാറാറുണ്ടെന്ന് അനുഭവസ്ഥരായ പലരും പറയുന്നുണ്ട്. പക്്ഷേ അതുകൊണ്ടൊന്നും സിപിഎം അവര്‍ക്കിട്ട മാര്‍ക്ക് കുറയ്ക്കില്ല. പകരം അവരെ സംരക്ഷിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ മാത്രം പ്രതിയാക്കാനുള്ള സിപിഎമ്മിന്റെ നീക്കം വിജയം കാണുമായിരിക്കും. അധികാരവും ആളും അവിടെയാണല്ലോ. പക്ഷേ മനസ് മടുത്ത് മരിച്ചുപോയ സാജനൊരു സത്യമുണ്ടാകും. അത് നിഷേധിച്ച് ഒരാളെയും സംരക്ഷിക്കാന്‍ കാലം ആരെയും അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button