തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും മഴപെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രിശക്തമായ മഴയുണ്ടായി. ഇടുക്കിയില്‍ മഴപെയ്തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാവും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം 21 മുതല്‍ 23 വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21 ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, 22 ന് മലപ്പുറം, വയനാട്, കോഴിക്കോട് , 23ന് കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
Post Your Comments