ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും. നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ഭൂമി ഏറ്റെടുക്കല്‍ എവിടെയെുമെത്താത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. 1,380 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി വേണ്ടത്. എന്നാല്‍ ഇതിന്റെ 39 ശതമാനം മാത്രമേ ഇതുവരെ ഏറ്റെടുത്തിട്ടുള്ളൂ.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ആവശ്യമായ 1,387 ഹെക്ടര്‍ സ്ഥലത്ത് 537 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്ന് ദേശിയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തില്‍ നിന്ന് ലഭിക്കേണ്ട 940 ഹെക്ടറില്‍ 471 ഹെക്ടറും മഹാരാഷ്ട്രയില്‍ നിന്ന് ഏറ്റെടുക്കേണ്ട 431 ഹെക്ടറില്‍ 66 ഹെക്ടറും മാത്രമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും എന്‍എച്ച്എസ്ആര്‍സിഎല്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് കാരണം ടണല്‍ നിര്‍മാണം തുടങ്ങിയവയുടെ ടെന്‍ഡര്‍ നടപടികള്‍ റെയില്‍വേ മരവിപ്പിച്ചിരിക്കുകയാണ്. ദാദ്രയിലും നഗര്‍ ഹവേലിയിലും ആവശ്യമായ ഒമ്പത് ഹെക്ടര്‍ സ്ഥലത്ത് ഒരു കഷ്ണം ഭൂമി പോലും തൊടാന്‍ കഴിഞ്ഞിട്ടില്ല
2018 ഡിസംബറാണ് ഭൂമിയേറ്റെടുക്കലിന്റ സമയപരിധി നിശ്ചയിച്ചിരുന്നത്.പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും 2017 സെപ്റ്റംബര്‍ 14 നാണ് അഹമ്മദാബാദ്-മുംബൈ അതിവേഗ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. 1.08 ലക്ഷം കോടി രൂപ (17 ബില്യണ്‍ ഡോളര്‍) ടെലവില്‍ 508 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാത നിര്‍മ്മിക്കലാണ് ലക്ഷ്യം.
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാതയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ ഓടും. നിലവില്‍ ഈ റൂട്ടില്‍ ഓടുന്ന ട്രെയിനുകള്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏഴ് മണിക്കൂറാണ് എടുക്കുന്നത്. അതേസമയം വിമാനത്തില്‍ വെറും അരമണിക്കൂര്‍ കൊണ്ട് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലൈത്താം.
Post Your Comments