എരുമേലി: വിവാഹാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്ബിന് വര്‍ഗീസിനെ (20) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.
എരുമേലിയില്‍ കോളജില്‍ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥിനിയോടു കുറെ നാളുകളായി യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കോളേജില്‍ എത്തിയ ആല്ബിന് പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും, പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം അറിഞ്ഞ ബന്ധുക്കള്‍ ആല്‍ബിനെ കൈകാര്യം ചെയ്തിരുന്നു.
യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ മുക്കൂട്ടുതറ കവലയില്‍ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തു. ഇതറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോളജ് വിട്ടുവരുമ്ബോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി വഴങ്ങിയില്ല. ഇതിന്റെ വിരോധം തീര്‍ക്കാന്‍ ക്യാമ്പസിലെത്തി കരണത്തടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ മൊഴി നല്കി.
അതേസമയം പ്രതി ലഹരി മരുന്നിന് അടിമയാണെന്നും, കിഴക്കന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ സജീവ പങ്കാളിയാണെന്നും സൂചനയുണ്ട്. എന്നാല്‍ ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥിനിയുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.
Post Your Comments