പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് പറഞ്ഞാലും ശീലമാക്കിയവര്‍ക്ക് അത് നിര്‍ത്താന്‍ വലിയ പാടാണ്. എത്ര ഉപദേശിച്ചാലും അത് കിട്ടാതെ വരുമ്പോള്‍ ഇവര്‍ക്ക് ഏറെ അശ്വസ്തതകള്‍ അനുഭവപ്പെടുന്നു. പുകയിലയ്ക്ക് അടിമകളായി കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളാല്‍ നരകജീവിതം തള്ളിനീക്കുന്ന നിരവധിപേര്‍ നമ്മുടെ രാജ്യത്തുണ്ട്.
ഇതില്‍ സ്ത്രീകളുടെഎണ്ണവും കുറവല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളരെ ചെറുപ്പത്തില്‍ അച്ഛനെ നഷ്ടമായ മകന്‍ പുകയിലയ്ക്ക് കീഴ്‌പ്പെട്ട അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് കുശാലിന്റെ പ്രചോദനമാകുന്ന ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് അച്ഛനെ നഷ്്ടമാകുന്ന് അദ്ദേഹം മദ്യത്തിന് അടിമയായതുകൊണ്ടാണ്. അത് എന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. ഞാനും അമ്മയും സഹോദരിയും അദ്ദേഹത്തെ ആശ്രയിച്ചായിരുന്നു കഴിഞ്ഞത്. പെട്ടെന്നൊരു ദിവസം ഞങ്ങള്‍ ആരുമില്ലാതെ നിരാശ്രയരായി. ജീവിക്കാന്‍ മറ്റ് വഴി തേടേണ്ടി വന്നു.
അന്ന് ഞങ്ങള്‍ എന്തെല്ലാം പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നുവെന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. അമ്മ റെയില്‍വേയില്‍ ശുചീകരണ തൊഴിലാളിയായി ജോലി ഏറ്റെടുത്തു. ആ ജോലി എത്രമാത്രം വെറുപ്പുളവാക്കുന്നതാണെന്ന് അമ്മ ദിവസവും പരാതിപ്പെടും. സ്വന്തം അമ്മ മാലിന്യം ശേഖരിക്കുന്ന കാഴ്ച ഒരു മകനും കാണാന്‍ ഇഷ്ടമല്ലായിരിക്കും. എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു. ജോലിയില്‍ നിന്ന് ആശ്വാസം കണ്ടെത്താനായി അമ്മ പുകയില ഉപയോഗിച്ചു തുടങ്ങി. അമ്മ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുവാന്‍ എനിക്ക് അന്ന് പക്വത ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് സ്‌കൂളില്‍ പുകയില ഉപയോഗത്തിന്റെ മോശം വശത്തെക്കുറിച്ച് ഒരു ക്ലാസ് നടന്നത്. ആള്‍ക്കാര്‍ക്ക് ഇത് മൂലം കാന്‍സര്‍ വരുമെന്നും മരിക്കുമെന്നും അന്ന് അവര്‍ പറഞ്ഞു. വൈകുന്നേരം ഞാന്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പാഞ്ഞു. എനിക്ക് പേടിയായി. അമ്മയോട് എത്രയും വേഗം ഈ ശീലം ഉപേക്ഷിക്കാന്‍ പറഞ്ഞു. എനിക്ക് അച്ഛനെ നഷ്ടമായി, അമ്മയെക്കൂടി നഷ്ടമാകരുത് എന്ന് പറഞ്ഞു. എന്റെ കണ്ണിലെ പേടി കണ്ട് അമ്മ അത് ഉപേക്ഷിക്കാമെന്ന് എനിക്ക് ഉറപ്പ് നല്‍കി. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല.
അന്ന് നടന്ന ക്ലാസില്‍ തന്നെ അവര്‍ ഇതിന് ഒരു പോംവഴി നിര്‍ദേശിച്ചിരുന്നു. ച്യൂയിങ് ഗം ഇതിന് പകരമായി ഉപയോഗിക്കാമെന്നും അത് വലിയ രീതിയില്‍ ഹാനീകരമല്ലെന്നും. അതിന് ഒരു ദീവസം 60 രൂപയോളം ചിലവ് വരും. ഞാന്‍ ദിവസവും അത്രയും പണം ശേഖരിച്ച് ച്യൂയിങ് ഗം വാങ്ങി അമ്മയ്ക്ക് നല്‍കി. രണ്ട് മാസത്തിനകം അമ്മ പൂര്‍ണമായും പുകയില ഉപേക്ഷിച്ചു. പൂര്‍ണശ്രദ്ധയും ജോലിയില്‍ നല്‍കി. അവസാനം റെയില്‍വേയില്‍ അറ്റന്‍ഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു.
അച്ഛന്റെ മരണശേഷം ഞങ്ങള്‍ക്ക് ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഓരോ വഴിയിലും ഞങ്ങള്‍ക്ക് പോരാടേണ്ടി വന്നു. എനിക്ക് വേണ്ടത് അമ്മയെ വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് തന്നെ നല്ലൊരു ജീവിതം നയിക്കണമെന്നതാണ്. അമ്മയ്ക്ക് നല്ല സമയം നല്‍കണം തെല്ലുപോലും വിഷമങ്ങളില്ലാതെ ജീവിതം ആസ്വദിക്കാന്‍ അമ്മയ്ക്ക് കഴിയണം.
https://www.facebook.com/humansofbombay/posts/1127899754085667
Post Your Comments