തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ തനിക്കെതിരായ സമന്‍സ് പിന്‍വലിച്ച ഇഡിയ്ക്കെതിരെ പരിഹാസവുമായി സിപിഎം നേതാവ് തോമസ് ഐസക്. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമന്‍സ് പിന്‍വലിച്ചുകൊണ്ട് ഇഡി നടത്തിയതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് പരിഹസിച്ചു.
കേസില്‍ ഇനി എന്തെങ്കിലും തെളിവുമായിട്ടേ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ സാധിക്കു എന്നും അല്ലെങ്കില്‍ ഇഡിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഐസക് പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
എനിക്കെതിരായ സമന്‍സ് ഇ.ഡി നിരുപാധികം പിന്‍വലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയില്‍ ചില പുതിയ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി.
എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.
വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തോളൂ. വിദേശവിനിമയ നിയമത്തിന്റെ (ഫെമ) നടത്തിപ്പുകാര്‍ റിസര്‍വ്വ് ബാങ്കാണ്. റിസര്‍വ്വ് ബാങ്കിനെ കോടതിയില്‍ വിളിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആറുമാസം സമയമെടുത്തെങ്കിലും റിസര്‍വ്വ് ബാങ്ക് വന്നു. എന്നിട്ടു പറഞ്ഞത് എന്താ?
റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. ആ പണം എന്തിനു വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവും അവര്‍ കണ്ടിട്ടില്ല. ഇതുമായി നേരിട്ടു ബന്ധപ്പെടാത്ത മറ്റെന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിനു റിസര്‍വ്വ് ബാങ്കിന് ഉത്തരവാദിത്തമില്ല. ഏതായാലും ഫെമ നിയമലംഘന വാദം പൊളിഞ്ഞു. പിന്നെ എന്തു ഫെമ കേസ്?
Post Your Comments