Latest NewsInternational

വീടുകളില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കം; ഒടുവില്‍, സമീപത്തെ ഭൂഗര്‍ഭ തുരങ്കം തുറന്നപ്പോള്‍ കണ്ടത്..

അങ്കാറ: വീടുകളില്‍ ഇടയ്ക്കിടെ വെള്ളം കയറുന്നു എന്ന പ്രദേശവാസികളുടെ പരാതിക്ക് പരിഹാരം കാണാനിറങ്ങിയ അധികൃതര്‍ ഒടുവില്‍ ഞെട്ടി. വീടുകളില്‍ വെള്ളം കയറിയതിന്റെ കാരണം പരിശോധിച്ചപ്പോള്‍ അവര്‍ കണ്ടത് ഒരു ഭൂഗര്‍ഭ തുരങ്കവും അതിനടിയില്‍ പ്രാചീനഗരവുമായിരുന്നു. തുര്‍ക്കിയിലെ കൂയിസ് നഗരത്തിലെ ഒരു പ്രവിശ്യയിലാണ് സംഭവം. ഇവിടെയുള്ള 15 വീടുകളിലാണ് വെള്ളം കയറിയിരുന്നത്. എന്നാല്‍ ഇതിന്റെ കാരണം എത്ര പരിശോധിച്ചിട്ടും കണ്ടെത്താനായില്ല. ജലവിതരണ പൈപ്പ് പൊട്ടിയതാകുമെന്ന് കരുതി നോക്കിയപ്പോള്‍ അതുമല്ല. അപ്പോഴാണ് മുനിസിപ്പല്‍ പ്രവര്‍ത്തകര്‍ക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ പ്രദേശത്ത് അടച്ചിട്ടിരുന്ന ഒരു തുരങ്കത്തിന്റെ കാര്യം ഓര്‍മവന്നത്. അവര്‍ അത് തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ചയാകട്ടെ ആരേയും അമ്പരപ്പിക്കും.
വെള്ളത്തില്‍ പാതി മുങ്ങിയ ഒരു ഭൂഗര്‍ഭനഗരം. ആ അത്ഭുതക്കാഴ്ച്ച കണ്ട ജീവനക്കാര്‍ക്ക് ആദ്യം സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ആ ഭൂഗര്‍ഭ നഗരത്തിനു മുകളില്‍ സ്ഥിതി ചെയ്തിരുന്ന വീടുകളിലായിരുന്നു വെള്ളം കയറിയിരുന്നത്. വീടുകളും തുരങ്കങ്ങളും പ്രാര്‍ഥനാലയങ്ങളുമൊക്കെയായി ഏകദേശം മൂന്നു മൈല്‍ ദൂരത്തേക്കു വ്യാപിച്ചു കിടക്കുകയായിരുന്നു ആ പുരാതന നഗരം. ഒരു മനുഷ്യ പ്രതിമയും അതോടൊപ്പമുണ്ടായിരുന്നു. ഈ പ്രതിമ നിന്നിരുന്ന ഇടമാണു പ്രാര്‍ഥനയ്ക്കായി നിര്‍മിച്ചതാണെന്ന് കരുതുന്നത്.

എന്നാല്‍ പുരാവസ്തു ഗവേഷകര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് അധികൃതര്‍ വീണ്ടും ഞെട്ടിയത്. പരിശോധനയില്‍ തെളിഞ്ഞത് ആ നഗരത്തിന് ഏകദേശം 5000 വര്‍ഷത്തെ പഴക്കമുണ്ടെന്നായിരുന്നു. അതോടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രദേശത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ഭൂഗര്‍ഭ നഗരത്തിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെന്നാണു കരുതുന്നത്. മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സ്ഥലമായിട്ടായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. കാലക്രമേണ അത് ഉപേക്ഷിക്കപ്പെട്ടു. ഏകദേശം 25 വര്‍ഷം മുന്‍പാണ് പിന്നീട് ഈ ഭൂഗര്‍ഭ നഗരം പൊതുശ്രദ്ധയില്‍ പെടുന്നത്. നഗരത്തോടു ചേര്‍ന്നുള്ള തുരങ്കത്തിലേക്ക് ഒരു കുട്ടി വഴുതിവീണപ്പോഴായിരുന്നു അത്. അപ്പോഴും നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരും അറിഞ്ഞിരുന്നില്ല. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ തുരങ്കം അടച്ചിടുക മാത്രമാണ് അന്ന് ചെയ്തത്. ഒട്ടേറെ പുരാതന ഭൂഗര്‍ഭ നഗരങ്ങള്‍ക്കു പ്രശസ്തമാണ് നെവ്‌ഷെഹിഷ് പ്രവിശ്യ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ നിരവധി പ്രാചീന നഗരങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button