മുംബൈ: ജെറ്റ് എയർവേസിനെതിരേയുള്ള പാപ്പർ നടപടികൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ചു. സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട ജെറ്റ് എയർവേസ് പണം നല്കാനുള്ള ധനകാര്യ സ്ഥാപനങ്ങൾ നല്കിയ പാപ്പർ ഹർജിയിലാണ് എൻസിഎൽടിയുടെ നടപടി.
ആശിഷ് ചൗച്ചാരിയയെ 90 ദിവസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കുന്നതിനായി നിയമിക്കുകയും ചെയ്തു. പാപ്പർ നടപടികളിൽ വിദഗ്ധനാണ് ചൗച്ചാരിയ. ദേശീയപ്രാധാന്യമുള്ള കാര്യമായതിനാലാണ് വേഗത്തിൽ തീരുമാനമുണ്ടാക്കാൻ നിർദേശിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. പാപ്പർ നടപടികൾക്ക് ആറു മാസത്തെ സാവകാശം നിയമം അനുശാസിക്കുന്നുണ്ടെങ്കിലും മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് വി.പി.സിംഗ്, രവികുമാർ ദുരൈസ്വാമി എന്നിവരടങ്ങിയ ട്രൈബ്യൂണൽ വിധിക്കുകയായിരുന്നു.
അതേസമയം, നെതർലൻഡ്സ് ആസ്ഥാനമായുള്ള ചരക്കുനീക്ക സ്ഥാപനം സമർപ്പിച്ച പാപ്പർ അപേക്ഷ ട്രൈബ്യൂണൽ തള്ളി. ഡച്ച് ജില്ലാ കോടതിക്ക് ജെറ്റ് എയർവേസ് പാപ്പർ ആണെന്ന് വിധിക്കാൻ അധികാരമില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ആംസ്റ്റർഡാം വിമാനത്താവളത്തിൽ ജെറ്റിനുവേണ്ടി പ്രവർത്തിച്ചിരുന്ന കന്പനിക്ക് കുടിശിക വരുത്തിയതിനെത്തുടർന്നാണ് മേയിൽ ഡച്ച് കോടതി പാപ്പർ പ്രഖ്യാപനം നടത്തിയത്. നടപടികൾക്കായി റോക്കോ മൾഡറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു.
ജെറ്റ് 8.74 കോടി രൂപ, 53 ലക്ഷം രൂപ വീതം നല്കാനുള്ള ഷമാൻ വീൽസ്, ഗാഗർ എന്റർപ്രൈസസ് എന്നീ കമ്പനികളുടെ പാപ്പർ അപേക്ഷയും ട്രൈബ്യൂണൽ തള്ളി. എന്നാൽ, അപേക്ഷ സമർപ്പിച്ചവർക്ക് ചൗച്ചാരിയയെ സമീപിക്കാമെന്നും ട്രൈബ്യൂണൽ അംഗീകാരം നൽകി
Post Your Comments