കാനഡ: കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി 20യില്‍ യുവരാജ് വീണ്ടും പാഡണിയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടുത്തിടെ യുവരാജ് സിംഗ് വിരമിച്ചിരുന്നു. വിരമിച്ചതോട ഇനി യുവരാജിന് ലോകത്തെ വിവിധ ടി 20 ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാം.
കാനഡയില്‍ നിന്നുള്ള ടൊറന്റോ നാഷണല്‍സ് ടീമാണ് യുവരാജിനെ സ്വന്തമാക്കിയത്. ജൂലൈ 25നാണ് ഗ്ലോബല്‍ ടി 20 ലീഗിന്റെ രണ്ടാം എഡിഷന് തുടക്കമാകുന്നത്. എന്നാല്‍ കളിക്കാര്‍ക്ക് വിദേശ ടി 20 ലീഗുകളില്‍ പങ്കെടുക്കാന്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതും യുവരാജ് സിംഗിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള യുവിയുടെ അരങ്ങേറ്റം 2000 ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു . അന്ന് 80 പന്തുകളില്‍ നിന്ന് 84 റണ്‍സ് നേടിയാണ് യുവി തന്റെ രാജകീയ വരവറിയിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2002ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് യുവരാജ് എന്ന സൂപ്പര്‍ബാറ്റ്സ്മാനെ തിരിച്ചറിയാനായത്. കാരണം അന്ന് നാറ്റ് വെസ്റ്റ് സീരിസില്‍ 326 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി അടക്കമുള്ള സൂപ്പര്‍താരങ്ങളെ നഷ്ടമായപ്പോള്‍ പിടിവള്ളിയായത് മുഹമ്മദ് കൈഫുമൊത്തുള്ള യുവരാജിന്റെ തകര്‍പ്പന്‍ പാര്‍ട്ണര്‍ഷിപ്പായിരുന്നു. 63 പന്തില്‍ നിന്ന് 69 റണ്‍സുമായി യുവി അന്ന് കളത്തില്‍ നിറഞ്ഞാടി. പിന്നീട് നിരവധി മത്സരങ്ങളില്‍ യുവരാജ് ഇന്ത്യക്കായി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
Post Your Comments