പെരുകാവ്: കഥ പറയുന്ന കായല്‍ തീരങ്ങള്‍, നൃത്തം ചെയ്ത് മയങ്ങുന്ന മലയാളി പെണ്‍കൊടി, ഗ്രാമവിശുദ്ധിയും കാടകവും…! വേറിട്ട വരകളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാണ് ബിനു പെരുകാവ്. വരയുടെ ലോകത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ബിനുവിന്റെ രണ്ട് കലാസൃഷ്ടികള്‍ ഇപ്പോഴിതാ കടലുകള്‍ കടന്ന് ലണ്ടനിലേക്ക്.
വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള തണലില്‍ ബിനു നിറങ്ങളെ പ്രണയിച്ചു തുടങ്ങിയത് ബാല്യം മുതല്‍. എണ്ണച്ചായവും ജലച്ചായവും അക്കര്‍ലിക്കുമെല്ലാം വഴങ്ങുന്നു ആ കൈകള്‍ക്ക്. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന ചിത്രപ്രദര്‍ശനങ്ങളില്‍ സജീവ സാന്നിധ്യം. നിറങ്ങളെ സംയോജിപ്പിക്കുന്ന രീതിയും വ്യത്യസ്ഥ ആശയങ്ങളും ബിനുവിന്റെ ചിത്രങ്ങളെ കാഴ്ചക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
ചിത്രകാരന്മാരുടെ സംഘടനയായ ‘സംഘമിത്ര’ കോവളം തീരത്ത് ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ബിനുവിന്റെതടക്കം 22 ചിത്രകാരന്മാരുടെ നൂറുകണക്കിന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ എണ്ണച്ചായത്തില്‍ ബിനു വരച്ച നൃത്തം ചെയ്ത് മയങ്ങുന്ന പെണ്‍കൊടി (നടനം), അക്കര്‍ലിക്കില്‍ കത്തിമുനകള്‍ കൊണ്ട് വരച്ചിട്ട കായലോരം എന്നീ ചിത്രങ്ങളാണ് വിറ്റഴിഞ്ഞത്. രണ്ടു ചിത്രങ്ങളും 25000 രൂപ മുടക്കി വാങ്ങിയതാകട്ടെ ലണ്ടനിലെ പ്രശസ്ത ചിത്രകാരി പ്രസോലോവ. ലണ്ടനിലെ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുവാനാണ് പ്രസോലോവ ചിത്രങ്ങള്‍ വാങ്ങിയത്. കേരളത്തിന്റെ തനതു ചിത്രകലാ ശൈലി ബിനുവിന്റെ ചിത്രങ്ങളില്‍ കാണാനായെന്നും, അതിനി ലോകം കാണട്ടെയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചിത്രകലയെ പ്രാണവായുവായി കരുതുന്ന തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ വാക്കുകളെന്ന് ബിനു പറഞ്ഞു.
വരും തലമുറയെ ചിത്രലോകത്തേക്ക് കൈപിടിച്ചു നടത്താന്‍ കാല്‍നൂറ്റാണ്ടായി ബിനു വീട്ടില്‍ ചിത്രകല പഠിപ്പിക്കുന്നുണ്ട്. ചിത്രകലാമണ്ഡലം ഏര്‍പ്പെടുത്തിയ വി എം പുരസ്‌ക്കാരം, ചിത്രകലാ സംഘത്തിന്റെ ടാക്കിംഗ് കളേഴ്‌സ് അവാര്‍ഡ്, സംഘമിത്രയുടെ ബസ്റ്റ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഇതിനോടകം ബിനുവിനെ തേടിയെത്തിയിട്ടുണ്ട്. ബീനയാണ് ബിനുവിന്റെ ഭാര്യ. പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ഥും സൂര്യയുമാണ് മക്കള്‍. അച്ഛനെ പോലെ തന്നെ ഇരുവരും ചിത്രരചനയില്‍ മികവു പുലര്‍ത്തുന്നവര്‍.
Post Your Comments