ദുബായ്•പതിനേഴുകാരിയെ രാജ്യത്തേക്ക് കടത്തി പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ച കേസില്‍ മൂന്ന് ബംഗ്ലാദേശി യുവാക്കള്‍ക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി.
28 ഉം 20 ഉം 28 ഉം വയസുള്ള പ്രതികള്‍ തങ്ങളുടെ രാജ്യക്കാരിയായ പെണ്‍കുട്ടിയ്ക്ക് വ്യാജ പാസ്പോര്‍ട്ടും വ്യാജ ജോലി വാഗ്ദാനവും നല്‍കിയാണ് യു.എ.ഇയില്‍ എത്തിച്ചത്. തുടര്‍ന്ന് അല്‍ ഖൗസിലെ ഫ്ലാറ്റില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം പണത്തിന് സെക്സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
പ്രതികള്‍ അവരുടെ ഫ്ലാറ്റ് പെണ്‍വാണിഭ കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. സ്വമനസാലെ ഇവര്‍ക്ക് വേണ്ടി ജോലി ചെയ്ത നിരവധി സ്ത്രീകളെ അധികൃതര്‍ നാടുകടത്തിയിട്ടുണ്ട്.
മസാജ് സ്പായില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ രാജ്യത്ത് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫ്ലാറ്റിലെത്തിയപ്പോഴാണ് ഫ്ലാറ്റിലെ മറ്റു യുവതികള്‍ യഥാര്‍ത്ഥ ജോലിയെക്കുറിച്ച് പറയുന്നത്. തുടര്‍ന്ന് വേശ്യാവൃത്തി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയെ സംഘം, പാസ്പോര്‍ട്ടിനും യാത്രാ രേഖകള്‍ക്കുമായി ചെലവായ 13,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഇടപാടുകാരനായെത്തിയ ഒരു പാകിസ്ഥാനി നല്‍കിയ നമ്പരില്‍ വിളിച്ചാണ് പെണ്‍കുട്ടി പോലീസില്‍ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് പോലീസ് ഏപ്രില്‍ 7 ന് രാത്രി 11 മണിയോടെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത് പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതികളില്‍ ചിലരെയും 5 സ്ത്രീകളെയും പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിന്റെ വിചാരണ ജൂലൈ 8 ന് തുടരും.
Post Your Comments