ജൂണ്‍ പതിനഞ്ചിന് രാജ്യസഭാ കാലാവധി അവസാനിച്ച് പാര്‍ലമെന്റിന്റെ പടികളിറങ്ങിയ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.
കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതോടെ മന്‍മോഹന്‍ സിംഗ് വീണ്ടും പാര്‍ലമെന്റിലെത്തുമെന്ന് ഉറപ്പാകുകയാണ്. അസമില്‍ നിന്ന് കഴിഞ്ഞ 28 വര്‍ഷമായി രാജ്യസഭയിലെത്തിയ മന്‍മോഹന്‍ സിംഗിന് ഇക്കുറി അതിനാകില്ല. മുന്‍പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലം കോണ്‍ഗ്രസിന് നിയമസഭയില്‍ ഇല്ലാതായിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് ആറ് ഒഴിവുകളുണ്ട്. ഇതില്‍ മൂന്നെണ്ണം ഡിഎംകെയ്ക്ക് ഉറപ്പുള്ളതാണ്. ഇവയില്‍ ഒന്ന് മന്‍മോഹന്‍സിംഗിനായി നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഡിഎംകെ അംഗീകരിച്ചതായാണ് സൂചന. പാര്‍ലമെന്റില്‍ മന്‍മോഹന്‍സിംഗ് ഉണ്ടാകേണ്ടത് കോണ്‍ഗ്രസിന്റെ അനിവാര്യമായ ആവശ്യമായതിനാല്‍ എങ്ങനെയും അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം ഡിഎംകെ സീറ്റ് നഷ്ടപ്പെടുത്തുന്നതില്‍ അണികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസിലെ പ്രബലനുമായ മന്‍മോഹന്‍ സിംഗിനായതിനാല്‍ ഡിഎംകെ നേതാക്കള്‍ അത് ഗൗനിക്കുന്നില്ലെന്നാണ് അറിയുന്നത്.
Post Your Comments