തിരുവനന്തപുരം : സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി. രാജ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. വ്യവസായ-കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജനാണ് അവാർഡ് പ്രഖ്യാപിച്ചത്. സുപ്രഭാതം പത്രത്തിലെ യു.എച്ച്. സിദ്ധിഖ് അച്ചടി മാധ്യമങ്ങളിലെ മികച്ച സ്‌പോർട്‌സ് ഫീച്ചർ അവാർഡിനർഹനായി. ‘പരിമിതികളില്ലാത്ത ആവശ്യം പക്ഷേ’ എന്ന ഫീച്ചറിനാണ് അവാർഡ്. മികച്ച സ്‌പോർട്‌സ് ഫോട്ടോഗ്രാഫർ അവാർഡിന് കേരള കൗമുദിയിലെ അജയ്മധു അർഹനായി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലെ ‘പകച്ചുപോയ കൗമാരം’ എന്ന ഫോട്ടോയാണ് അവാർഡിനർഹമായത്. മികച്ച ദൃശ്യമാധ്യമ ഫീച്ചർ അവാർഡിന് മനോരമ ന്യൂസിലെ അനൂപ് ശ്രീധരൻ അർഹനായി. ‘ബാസ്‌ക്കറ്റ് ബോൾ വില്ലേജ്, എന്ന ഫീച്ചറിനാണ് പുരസ്‌കാരം. മികച്ച കായിക പുസ്തകത്തിന് അര്‍ഹമായ രചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിച്ചില്ല.
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ സെക്രട്ടറി ഒ.കെ. വിനീഷ്, ഐ.എം. വിജയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കലം നേടിത്തന്ന ഹോക്കി ടീമിൽ അംഗമായിരുന്ന മലയാളി താരം മാനുവൽ ഫെഡറികിന് സ്വന്തമായി വീടില്ലാത്തതിനാൽ പയ്യാമ്പലത്തിനടുത്ത് അഞ്ച്‌സെന്റ് ഭൂമിയിൽ ഇരുനില വീട് വെച്ചു നൽകിയതായും മന്ത്രി അറിയിച്ചു.
Leave a Comment