കാലാവസ്ഥ നിരീക്ഷകരെ അല്‍പനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കലിഫോര്‍ണിയയിലെ നാഷണല്‍ വെതര്‍ സര്‍വീസ് കേന്ദ്രത്തിലെ റഡാറില്‍ തെളിഞ്ഞത്. ഏറെ നേരം നിരീക്ഷിച്ചിട്ടും സംഗതി പിടികിട്ടാതെ വലഞ്ഞു.
മഴ മേഖങ്ങളോ ചുഴലിക്കാറ്റോ അല്ലെന്നു വ്യക്തം. ഒടുവില്‍ ദൃശ്യം കണ്ട സ്ഥലത്തെ വാനനിരീക്ഷകരുമായി കാലാവസ്ഥാകേന്ദ്രം ബന്ധപ്പെട്ടു.
അങ്ങനെയാണ് സംഭവ വ്യക്തമായത്. എണ്ണിയാലൊടുങ്ങാത്തിടത്തോളം ചെറു വണ്ടുകള്‍ കൂട്ടമായി നീങ്ങിയതാണ് റഡാറിന്റെ കണ്ണില്‍പ്പെട്ടത്. ഭൂമിയില്‍ നിന്നും ഒരു കിലോ മീറ്ററോളം ഉയരത്തില്‍ നീങ്ങിയിരുന്ന വണ്ടുകളുടെ കൂട്ടത്തിന് പത്തു മൈലില്‍ അധികം വ്യാസം ഉണ്ടായിരുന്നു. കാലാവസ്ഥയില്‍ ഉള്ള വ്യതിയാനങ്ങള്‍ മൂലം മറ്റൊരിടത്തേക്ക് വണ്ടുകള്‍ പലായനം ചെയ്തതാവാമെന്ന് എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇത്രയും വലിയ കൂട്ടമായതിനാലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ റഡാറില്‍ അവ പതിഞ്ഞത്. അനേകം ഇനങ്ങളില്‍ പെട്ട ചെറു വണ്ടുകള്‍ കലിഫോര്‍ണിയയില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചെറു വണ്ടുകളുടെ കൂട്ടമായ പലായനത്തെ ലേഡിബഗ് ബ്ലൂം എന്നാണ് വിശേഷിപ്പിക്കുന്നത്.
Post Your Comments