കാലാവസ്ഥാ വ്യതിയാനം രൂക്ഷം, കൊടും വേനൽ കത്തിയാളുമ്പോൾ കുട്ടികൾ അപകടത്തിൽ പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന സന്ദേശം ഉയർത്തി യു.എ.ഇയിലെ പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചു. കാർ, സ്കൂൾ, ബസ്, എലവേറ്റർ, മട്ടുപ്പാവ്, നീന്തൽകുളം തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികളെ കാത്ത് അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
അപകടങ്ങളിൽ പെടാതെ കുട്ടികളുടെ സുരക്ഷക്ക് രക്ഷിതാക്കളും അധ്യാപകരും ബസ് ജീവനക്കാരും മതിയായ സംരക്ഷണം കുട്ടികൾക്ക് ഉറപ്പ് വരുത്തണമെന്നും ആഹ്വാനം ചെയ്താണ് വിവിധ വകുപ്പുകൾ കൈകോർത്തിരിക്കുന്നത്. അബൂദബി, ദുബൈ പൊലീസും കുട്ടികൾക്ക് സുരക്ഷാകവചം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തി രംഗത്തുണ്ട്. കുട്ടികൾ വാഹനം തുറന്ന് ഡിക്കിൽ കയറി കളിക്കുന്നതും അതുവഴി വന്നേക്കാവുന്ന വൻദുരന്തവുമാണ് അബൂദബി പൊലീസ് വീഡിയോ ചിത്രീകരണം സഹിതം ബോധവത്കരണത്തിന് ഉപയോഗിക്കുന്നത്. കുട്ടികളെ മുഴുവൻ സമയവും ആയമാരോടൊപ്പം ചെലവഴിക്കാൻ വിടരുതെന്നും കുട്ടികളുടെ സാംസ്കാരികമായ വളർച്ചക്ക് കരുത്ത് പകരാൻ രക്ഷിതാക്കളുടെ സാമിപ്യം അനിവാര്യമാണെന്നും പൊലീസ് നിർദേശിക്കുകയും ചെയ്തുകഴിയ്ഞ്ഞു.
യുഎഇയിൽ ഇത്തരത്തിൽ പ്രതിവർഷം വാഹനങ്ങളിൽ അകപ്പെട്ട നൂറിലധികം കുട്ടികളെ രക്ഷപ്പെടുത്താറുണ്ടെന്നും കൊടിയ അശ്രദ്ധ ഈ രംഗത്തുണ്ട് എന്നതിന്റെ തെളിവാണിതെന്നും ദുബൈ പൊലീസ് വീഡിയോ സഹിതമുള്ള ബോധവത്കരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കൊടും ചൂടിൽ കാറിനകത്ത് അനുഭവപ്പെടുന്ന മർദ്ദവും വായുവിൽ കലരുന്ന വിഷമാലിന്യങ്ങളും കുട്ടികളെ അപകടത്തിൽപ്പെടുത്തുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ദിവസം ആറുവയസുള്ള മലയാളി ബാലൻ സ്കൂൾ ബസിൽ അകപ്പെട്ട് ദാരുണമായി മരിച്ച സംഭവം മുൻനിറുത്തിയാണ് അധികൃതർ വീണ്ടും മുന്നറിയിപ്പുകൾ ശക്തമാക്കിയത്. കുട്ടികളെ എക്സലേറ്റർ, നീന്തൽകുളം, മട്ടുപ്പാവ്, നിരത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരുകാരണവശാലും ഒറ്റക്ക് പോകാൻ അനുവദിക്കരുതെന്നും അധികൃതർ താക്കീത് നൽകുന്നു. കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയാണ് പോലീസ് മുന്നറിയിപ്പുമായെത്തിയത്.
Post Your Comments