തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശൻ തമ്പിയും വിഷ്‌ണുവും മുമ്പ് 200 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐയുടെ റിപ്പോർട്ട്.നവംബറിന് ശേഷം പ്രകാശൻ തമ്പി 8 തവണയും വിഷ്ണു 6 തവണയും ദുബായിലേക്ക് യാത്ര നടത്തി.സ്ത്രീകളെ മറയാക്കിയായിരുന്നു സ്വർണക്കടത്ത്. സ്വർണക്കടത്തിൽ നാല് സ്ത്രീകൾ ഒളിവിലാണെന്നും ഡിആർഐ വ്യക്തമാക്കി.
മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ ബാലഭാസ്കര്‍ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വര്‍ണം കടത്തിയതായി തെളിവില്ലെന്നും ഡി.ആര്‍.ഐ. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേര് പറഞ്ഞാണെന്നും മൊഴി ലഭിച്ചു.
പ്രകാശൻ തമ്പിയും വിഷ്ണുവും നടത്തിയ യാത്രകള്‍ സ്വര്‍ണക്കടത്തിനാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണസംഘം. ഇത്രയും യാത്രകളിലായി പ്രകാശന്‍ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണ് നിഗമനം. എന്നാല്‍ ഈ സ്വര്‍ണക്കടത്തെല്ലാം ബാലഭാസ്കര്‍ മരിച്ചതിന് ശേഷമാണ്. അതിന് മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായ്ക്ക് പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുള്ളതായി കരുതുന്നില്ല. മാത്രവുമല്ല, ബാലഭാസ്കറിന്റെ മരണ ശേഷമാണ് ആ പേര് പറഞ്ഞ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്ന് സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments