KeralaLatest News

നിലപാട് ഡല്‍ഹിയില്‍ വ്യക്തമാക്കി; രാജ്മോഹന്‍ ഉണ്ണിത്താനും ഡി.സി.സി നേതൃത്വവും തുറന്ന പോരിലേക്ക്

കാസര്‍കോട്: പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്നലെ ഡല്‍ഹിക്കു പോയ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ഡി.സി.സി നേതൃത്വവുമായുള്ള തന്റെ അതൃപ്തി പരസ്യമായി വ്യക്തമാക്കി. ഇതോടെ എം.പി രാജ്മോഹന്‍ ഉണ്ണിത്താനും കാസര്‍കോട് ഡി.സി.സി നേതൃത്വവും തമ്മില്‍ തുറന്ന പോരിലേക്ക് നീങ്ങിയിരിക്കുകയാണ്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ പ്രസ്താവനയുടെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നതോടെ ഏറ്റുമുട്ടല്‍ പരസ്യമായി. ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ അഡ്വ. സി.കെ ശ്രീധരനും കെ.പി കുഞ്ഞിക്കണ്ണനും ഹൈക്കമാന്‍ഡിന് കത്ത് അയച്ചുവെന്ന വിവാദം കാസര്‍കോട്ട് നിലനില്‍ക്കെയാണ് ഉണ്ണിത്താന്റെ വിവാദ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

എന്നാല്‍ കത്തിന്റെ കാര്യം കെ.പി കുഞ്ഞിക്കണ്ണന്‍ അറിയുകപോലും ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഹക്കിം ‘അതിസമര്‍ത്ഥന്‍’ എന്നുമാത്രമാണ് കെ.പി കുഞ്ഞിക്കണ്ണന്‍ അതിനോട് അപ്പോള്‍ പ്രതികരിച്ചത്. മുസ്ലിം ലീഗിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെ വിമര്‍ശിച്ചുമുള്ള രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് ലൈവ് ആണ് ഇപ്പോള്‍ വിവാദമായത്. കാസര്‍കോട്ടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞികളാരും വരേണ്ടെന്നും വന്നാല്‍ തനിക്കും ചിലതുപറയേണ്ടിവരുമെന്നും പറഞ്ഞാല്‍ അത് അവര്‍ക്ക് വിഷമമുണ്ടാക്കുമെന്നാണ് ഉണ്ണിത്താന്റെ സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ഭീഷണി.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ താന്‍ വിജയിച്ചത് യു.ഡി.എഫും ഘടകകക്ഷികളും അഹോരാത്രം പണിയെടുത്തതു കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെയും അനുബന്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ നന്നായി പ്രവര്‍ത്തിച്ചത് ലീഗാണ്. ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്നുണ്ട്. അത് പാഴ് വേലയാണെന്നും ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button