ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതല്‍ പൊലീസിന് ശനിദശയാണ്. പൊലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായും മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്നുള്ള പൊലീസിന്റെ വാര്‍ത്തയാണ് ഏറെ വിവാദമായിരിക്കുന്നത്. ഡല്‍ഹിയില്‍ പോലീസ് ജീപ്പുമായി കൂട്ടിയിടിച്ച ടെംപോവാനിന്റെ ഡ്രൈവറെ തല്ലിച്ചതയ്ക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. വാഹനങ്ങള്‍ കൂട്ടി മുട്ടിയതിനെ തുടര്‍ന്ന് ഡ്രൈവറെ ശകാരിക്കാനെത്തിയ പോലീസിന് നേരെ ഇയാള്‍ വാളോങ്ങിയതിനെ തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ നിര്‍ദാക്ഷിണ്യം തല്ലിയത്. മുഖര്‍ജി നഗറിലാണ് സംഭവം.
സഹപ്രവര്‍ത്തകന്റെ കാല്‍പാദത്തിലൂടെ ടെംപോവാന്‍ കയറിയതിനെ തുടര്‍ന്നാണ് പോലീസുകാര്‍ വാനിന്റെ അടുത്തെത്തിയത്. പോലീസ് അടുത്തെത്തിയ ഉടനെ തന്നെ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ നിന്ന് വാളെടുക്കുന്നതും പോലീസുകാരെ ഓടിക്കുന്നതുംവഴിയാത്രക്കാരന്‍ഫോണില്‍ പകര്‍ത്തിയ വീഡിയോയിലുണ്ട്. തുടര്‍ന്നാണ് പോലീസ് സംഘം ഇയാളെ ലാത്തിയുപയോഗിച്ച് തല്ലുന്നതും വലിച്ചിഴച്ച് കൊണ്ടുപോകുന്നതും. ഡ്രൈവറുടെ മകനേയും പോലീസുകാര്‍ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
ഡ്രൈവറുടെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായി പോലീസ് അവകാശപ്പെട്ടു. എന്നാല്‍ പോലീസുകാരാണ് ആദ്യം ആക്രമിച്ചതെന്ന് ഇയാള്‍ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സഞ്ജയ് മാലിക്, ദേവേന്ദ്ര, കോണ്‍സ്റ്റബിളായ പുഷ്പേന്ദ്ര എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments