സാക്ഷരതാ മിഷന്റെ ട്രാൻസ്‌ജെൻഡർ സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയിലൂടെ ഇത്തവണ പത്താം തരം തുല്യത പാസായത് 21 ട്രാൻസ്ജെൻഡറുകൾ. വിജയിച്ച എല്ലാവരെയും മന്ത്രി സി. രവീന്ദ്രനാഥ് അനുമോദിച്ചു. സർട്ടിഫിക്കറ്റ് നേടാൻ മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനുമാണ് പഠിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള അനൗപചാരിക വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും സമൂഹത്തിന്റെ മുൻധാരയിലേക്ക് ഇവരെ നയിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യുന്നിടത്തെല്ലാം കേരള സാക്ഷരത മിഷൻ ഒരു മാതൃകയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 പേർ പരീക്ഷ എഴുതിയതിൽ വിജയിച്ച 21 പേരും ഹയർസെക്കൻഡറി തുല്യതാ കോഴ്സിലും ചേർന്നിട്ടുണ്ട്. പത്താം തരത്തിൽ നിലവിൽ 21 പേർ പഠിക്കുന്നുണ്ട്. നാലാം തരം മുതൽ ഹയർസെക്കൻഡറി വരെ ട്രാൻസ്ജെൻഡറുകളെ സൗജന്യമായി പഠിപ്പിക്കുന്ന പദ്ധതിയാണ് സമന്വയ. പത്താം തരം പഠിതാക്കൾക്ക് സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ 1000 രൂപയും ഹയർസെക്കൻഡറിക്ക് 1250 രൂപയും പ്രതിമാസം സ്‌കോളർഷിപ്പ് നൽകുന്നുണ്ട്.
Post Your Comments