Latest NewsArticleKerala

കേരളം ഭ്രാന്താലയമോ? വെട്ടിയും കുത്തിയും കത്തിച്ചും ഇല്ലാതാക്കുന്ന ജീവനുകള്‍ ആര് തിരിച്ച് നല്‍കും, അനാഥമാകുന്ന ജീവനുകള്‍ക്ക് ആര് സംരക്ഷണം നല്‍കും

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്നിരുന്ന അയിത്താചാരത്തെയും സാമൂഹ്യാധഃപതനത്തെയും വിരല്‍ചൂണ്ടി പരിഹസിച്ചത് കേരളം ഭ്രാന്താലയമാണെന്നാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വാക്കുകള്‍ ഇന്നും കേരളത്തിന് യോജിക്കുന്നത് തന്നെയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. രാഷ്ട്രീയ വൈരാഗ്യങ്ങളുടെ പേരിലുള്ള കൊലപാതകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാതിരുന്ന കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെട്ടിയും കുത്തിയും കത്തിച്ചും ഇല്ലാതാക്കുന്ന കൊലപാതകങ്ങളാണ്.

നാലു മാസത്തിനിടെ വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയത് മൂന്ന് സ്ത്രീകളെയാണ്. മാര്‍ച്ച് 13ന് തിരുവല്ലയിലും ഏപ്രില്‍ 4ന് തൃശൂരിലും വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ നടുക്കി പട്ടാപ്പകല്‍ വീടിനു മുന്നില്‍ വെച്ച് പൊലീസുകാരിയെ പൊലീസുകാരന്‍ കൊലപ്പെടുത്തിയതും സമാന രീതിയില്‍. വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. തിരുവനന്തപുരത്ത് നഴ്‌സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും കോട്ടയം മീനടത്തു യുവതിയെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചതും കൊച്ചിയില്‍ യുവതിയെ നടു റോഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചതും കഴിഞ്ഞ നാല് മാസത്തിനിടെ തന്നെ.

സൗമ്യ

പ്രണയപ്പകയാണ് മിക്ക കൊലപാതകങ്ങള്‍ക്കും വഴിവെക്കുന്നത്. ക്രൂരമായി നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ആരു ഉത്തരം പറയും. ബാക്കിയാകുന്ന അനാഥ ജീവിതങ്ങള്‍ ആര് സംരക്ഷിക്കും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൗമ്യയുടെ ജീവനില്ലാതാക്കിയതിനു പിന്നിലും വിവാഹേതര സൗഹൃദബന്ധം തന്നെ. സൗഹൃദം നിരസിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് അജാസ് എന്ന പൊലീസുകാരന്‍ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയം പ്രതികാരമായപ്പോള്‍ അനാഥമായത് സൗമ്യയുടെ മൂന്ന് മക്കളാണ്.

ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം’- ശരീരത്തിനേ മരണമുള്ളൂ. സ്നേഹത്തിന് മരണമില്ലെന്നാണ് ‘ലീലയില്‍’ കുമാരാനാശാന്‍ പറഞ്ഞത്. എന്നാല്‍ നഷ്ടമാകുന്ന സ്‌നേഹത്തിന് ജീവന്‍ തന്നെയില്ലാതാക്കുകയാണ് ഇവിടെ. ഇതിനെയൊക്കെ എങ്ങനെ സ്‌നേഹം എന്നു വിളിക്കാനാകും. കേരളത്തിലിത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. ഇതിനൊരറുതി വന്നില്ലെങ്കില്‍ ഇല്ലാതാകുന്നത് നിരവധി സ്ത്രീകളും ഇവരെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതങ്ങളുമാണ്.

നീതു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ യുവാവ് വീട്ടില്‍ കയറി കഴുത്തിലും വയറിലും കുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നത്. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.

നീതു, പ്രതിയായ നിധീഷ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതും. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്.

കവിത, അജിന്‍ റെജി മാത്യൂസ്

വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം പിഎസ്‌സിയുടെ യൂണിവേഴ്‌സിറ്റ് അസിസ്റ്റന്റ് പരീക്ഷയെഴുതി മടങ്ങിയെത്തിയ സൗമ്യ സ്റ്റേഷനിലേക്ക് പോകാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതായിരുന്നു സൗമ്യ എന്ന പൊലീസുകാരി. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ അജാസ് കാറുമായെത്തി സൗമ്യയുടെ സ്‌കൂട്ടറിടിച്ചു വീഴ്ത്തി. ഭയന്ന സൗമ്യ അടുത്ത വീട്ടിലേക്കോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അജാസ് യുവതിയുടെ കഴുത്തില്‍ വെട്ടുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ സൗമ്യ മരിച്ചു. 50% പൊള്ളലേറ്റ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജാസ്

പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ ഇനിയുമുണ്ട് കേരളത്തില്‍ നിരവധി. ജീവന്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും. ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ അനാഥരായി പോയിട്ടുമുണ്ട്. സംസ്ഥാനത്തില്‍ മാത്രമല്ല, രാജ്യത്ത് തന്നെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്. പ്രണയത്തിന്റെ പേരിലാണ് എല്ലാം. കേരളത്തില്‍ ഇതിന്റെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പൊതുയിടങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളെ ഇല്ലാതാക്കുന്ന പൈശാചികന്മാരാണ് നമുക്ക് ചുറ്റിലുള്ളത്. പെണ്‍കുട്ടികള്‍ ചുട്ടെരിക്കപ്പെടുകയും വെട്ടിയറക്കപ്പെടുകയുമാണ്. പെണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പും വരുത്തണം, ഇത്തരം ക്രൂരന്മാര്‍ക്ക് തക്ക ശിക്ഷ ലഭിക്കുകയും വേണം. ഇനിയുമൊരു പെണ്‍കുട്ടിക്കും ജീവന്‍ നഷ്ടമാവാതിരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button