ന്യുഡല്‍ഹി: വീടിനുള്ളിൽ വൃദ്ധ സഹോദരീ സഹോദരന്മാരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍. ഡല്‍ഹിയിലെ ഭരത് നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റാണാ പ്രതാപ് ഭാഗിലെ വീട്ടിലാണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൂടും ദാരിദ്ര്യവും കാരണമാകാം ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചമന്‍ലാല്‍ ഖോസ്ല (95), രാജ്കുമാരി (77) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ച പാലുകാരന് എത്തിയപ്പോഴാണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് മിനിറ്റോളം തട്ടിവിളിച്ചിട്ടും പ്രതികരണം കാണാഞ്ഞപ്പോള്‍, ഇയാള്‍ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങളില്‍ ബാഹ്യമുറിവുകളൊന്നുമില്ല. സ്വാഭാവിക മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജ്കുമാരിയാണ് ഭക്ഷണം തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്തിരുന്നത്. ആദ്യം മരിച്ചത് രാജ്കുമാരിയാണെന്നാണ് പ്രാഥമിക നിഗനമം. പിന്നാലെ ഭക്ഷണമില്ലാതെ ചമന്‍ലാലും മരിച്ചു.
Post Your Comments