തിരുവനന്തപുരം: മരണാനന്തരം തനിക്ക് ആദരവുകളും ഔദ്യോഗിക ബഹുമതികളും നല്‍കരുതെന്ന് സുഗതകുമാരി. ”മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.” ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി, അര്‍ഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന് സുഗതകുമാരി പറയുന്നു. ”ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍
മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.” എന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം അവിടെനിന്ന് വീട്ടില്‍ കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാര വെടി മുഴക്കരുത്. മരണാനന്തരം ചെയ്യേണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും സുഗതകുമാരി ഇതില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.
‘ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി പറഞ്ഞു. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തന്നെ ഏറെ ക്ഷീണിതയാക്കിയെന്ന് ടീച്ചര്‍ പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ്. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്.
Post Your Comments