പെരുമണ്ണ : തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ തട്ടിയെടുത്ത ശേഷം ആഭരണങ്ങൾ കവർന്നു. തുടർന്ന് കുട്ടിയെ വീടിന്റെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു മോഷ്ടാവ് മുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പ്ത്ത് മാമുക്കോയയുടെ മകന്റെ ആഭരണങ്ങളാണ് കവർന്നത്.
കുട്ടിയുടെ കരച്ചില് കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളില്‍ തുണകൾക്കിടയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവന് വരുന്ന ഇരുകാലിലെയും തള , ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിന്‍, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടമായി.
കോണ്‍ക്രീറ്റ് വീടിന്റെ കോണിക്കൂടിന്റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീടിന്റെ ചുമരില്‍ ജനലിനരികെ ചവിട്ടിയ അടയാളങ്ങളുണ്ട്. മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരുമകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പന്തീരാങ്കാവ് പോലീസ് കേസെടുത്തു.
Post Your Comments