KeralaLatest News

സംസ്ഥാനത്ത് മത്സ്യവില ഉയര്‍ന്നു; മത്തിക്കും അയലക്കും തീവില

പാലക്കാട്: സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തിക്കും അയലയ്ക്കും വില കുതിച്ചുയരുന്നു. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായിരുന്നു. വില ഉയര്‍ന്നതോെട ഇരുചക്രവാഹനങ്ങളില്‍ മത്തി വില്പനയ്‌ക്കെത്തിയില്ല.

കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിയുടെ വില ബുധനാഴ്ച 300 രൂപയായി ഉയര്‍ന്നിരുന്നു. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതല്‍ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോള്‍ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ 140 മുതല്‍ 180 രൂപവരെയായിരുന്നു ഇതിന്റെ വില.

മീന്‍ വില വര്‍ധിച്ചതോടെ ഹോട്ടലുകളിലും മത്സ്യ വിഭവങ്ങള്‍ വില്‍ക്കാതെയായി. ഒരു കിലോ മത്തി വാങ്ങിയാല്‍ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. ഇതോടെയാണ് ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി തുടങ്ങിയത്. മത്തിക്കും അയലയ്ക്കും മാത്രമല്ല മിക്ക പച്ചമീനുകള്‍ക്കും വില കൂടിയതായി കച്ചവടക്കാര്‍ പറഞ്ഞു.

കടലില്‍ നിന്നുള്ള മീന്‍ വരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളര്‍ത്തുമീനുകള്‍ക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില ഇപ്പോള്‍ 180 രൂപയാണ്. വാളമീന്‍ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. മുന്‍പ് കിലോയ്ക്ക് 140 രൂപയായിരുന്ന തിലോപ്പിയയ്ക്ക് ഇപ്പോള്‍ 200 രൂപയായി. കോഴിക്കോട്ടെ മീന്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് പാലക്കാട് ജില്ലയിലേക്ക് കൂടുതല്‍ മീനുകള്‍ വരുന്നത്. ജില്ലയിലേക്കുള്ള മീന്‍വരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളില്‍ ഹോള്‍സെയില്‍ വില്പനയ്ക്കായി 25 ലോഡ് മീന്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button