KeralaLatest News

കടലാക്രമണം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ

തിരുവനന്തപുരം : അതിരൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് തീരദേശമേഖലയിലെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാവുകയും വെള്ളംകയറി നിരവധിപേർ ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. വലിയതുറ തീരദേശമേഖലയിലെ ഫാത്തിമാതാ, ലിസ്സി റോഡ്, ജൂസാ റോഡ്, കൊച്ചുതോപ്പ് പ്രദേശങ്ങളും, തുറമുഖ ഓഫീസിനോട് ചേര്‍ന്ന ക്യാമ്പ്, വലിയതുറ ബഡ്സ് സ്കൂള്‍, യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളും എം.എല്‍.എ. സന്ദര്‍ശിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യാതൊരു നടപടിയും ഉണ്ടാകുന്നില്ലായെന്നത് ദു:ഖകരമാണ്. ജനങ്ങൾ പരിഭ്രാന്തിയിലും ദുരിതത്തിലുമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഈ അടിയന്തര സാഹചര്യം തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം നിയമസഭയിൽ കഴിഞ്ഞദിവസം ഉന്നയിച്ചപ്പോൾ നടപടി സ്വീകരിക്കാമെന്ന സർക്കാരിന്റെ ഉറപ്പ് പ്രാവർത്തികമാകുന്നില്ല.

കഴിഞ്ഞദിവസം കളക്ടറേറ്റിൽ താന്‍ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. അതീവഗൗരവകരമായ ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി പാറകളും മണൽച്ചാക്കുകളും എത്തിക്കുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടിയുണ്ടാകണം. യോഗ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൺട്രോൾ റൂം തുറക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കുടിവെള്ളവും ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും കൃത്യമായി ലഭ്യമാകുന്നില്ല. മഴക്കാലത്തോടനുബന്ധിച്ച് രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ടീം ക്യാമ്പുകൾ സന്ദർശിക്കണം. കടലില്‍പ്പോകാന്‍ കഴിയാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ റേഷനും അടിയന്തിരമായി അനുവദിക്കണം. റവന്യൂ, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാർ സ്ഥലം സന്ദർശിച്ച് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button