കണ്ണൂർ : വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിൽ പ്രതിയായ റോഷൻ താമസിച്ചിരുന്ന കണ്ണൂർ ചോനാടത്തെ ക്വാർട്ടേഴ്‌സിന് സമീപം പോലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള കുറ്റിക്കാട്ടിൽനിന്നാണ് കത്തി കണ്ടെത്തിയത്. അക്രമത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങൾക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. കോടതിയിൽ സമർപ്പിക്കാനുള്ള തെളിവുകൂടിയാണ് കണ്ടടുത്ത ആയുധം.
നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഒളിവില്‍ കഴിയുന്ന കാവുംഭാഗം സ്വദേശികളായ വിപിൻ, ജിതേഷ്, മിഥുൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
Post Your Comments