ദുബായ്: ജോലി തേടി ദുബായിലെത്തിയ യുവാക്കള്‍ തൊഴില്‍ തട്ടിപ്പിനിരയായി. കേരളത്തില്‍ നിന്നെത്തിയ അഞ്ച് യുവാക്കളാണ് തൊഴില്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. കൊല്ലം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള രണ്ട് യുവാക്കളുമാണ് അനധികൃത ഏജന്റ് മുഖേന മാര്‍ച്ച് 7ന് യു.എ.ഇയില്‍ എത്തിയത്. അല്‍ മുബാറക്ക് (22), പിതാവ് സൈനുദ്ദീന്‍ (46), ഹസീം സുലൈമാന്‍ (25), സദ്ദാം ഹുസൈന്‍ (28), നിഷാദ് (29) എന്നിവരാണ് തട്ടിപ്പിനിരയായവര്‍. ഇവരില്‍ ഓരോരുത്തരില്‍ നിന്നും 75,000 രൂപ വീതമാണ് ഏജന്റ് ഈടാക്കിയത്.
ഇവരില്‍ രണ്ടുപേര്‍ ഇസിസി പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവരാണ്. എംബസിയില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇവര്‍ വിസിറ്റിങ്ങ് വിസയിലാണ് എത്തിയത്. മറ്റ് മൂന്നുപേരുടെ കൈവശം തൊഴില്‍ വിസ ഉണ്ടായിരുന്നു. സ്‌പോണ്‍സര്‍ ഇവരുടെ വിസിറ്റിങ്ങ് വിസകള്‍ തൊഴില്‍ വിസയാക്കി കൃത്രിമം നടത്തുകയായിരുന്നു. ഇ മൈഗ്രേറ്റ് സിസ്റ്റത്തിലൂടെ തൊഴില്‍ കരാറുകള്‍ ഈ വിസ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നില്ല. ദിവസം ഒരു നേരം മാത്രമാണ് തങ്ങള്‍ ഭക്ഷണം കഴിക്കുന്നതെന്നും കൊടും ചൂടില്‍ റൂമില്‍ എയര്‍ കണ്ടീഷന്‍ സംവിധാനമില്ലാത്തതിനാല്‍ പലപ്പോഴും പുറത്താണ് കിടന്നുറങ്ങുന്നതെന്നും തട്ടിപ്പിനിരയായ നിഷാദ് വെളിപ്പെടുത്തി. ‘ യു.എ.ഇയില്‍ എത്തിയപ്പോള്‍ തങ്ങള്‍ക്ക് വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ കടബാധ്യതയ്‌ക്കൊപ്പം ഭാവിതന്നെ അനിശ്ചിതത്വിത്തിലായിരിക്കുകയാണെന്നും നിഷാദ് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അല്‍ ഐനില്‍ തുടങ്ങാനിരുന്ന ഒരു പുതിയ ഹോട്ടലിലായിരുന്നു ഇവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ റസ്റ്റോറന്റ് തുറക്കാന്‍ വൈകിയതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയായിരുന്നു. ഭക്ഷണത്തിനുപോലും കയ്യില്‍ പണമില്ലാതെ ദുരിതാവസ്ഥയിലാണ് തങ്ങളെന്നും താമസസ്ഥലത്ത് വൈദ്യുതി പോലുമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകള്‍ പോലും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ലെന്നും തട്ടിപ്പിനിരയായ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസം സൗജന്യമായി ലഭിച്ചിരുന്ന ഇഫ്താര്‍ വിഭവങ്ങള്‍ കഴിച്ചാണ് തങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയതെന്നും ഇവര്‍ പറയുന്നു.
തൊഴിലുടമ പണം ആവശ്യപ്പെടുകയും ഇത് നല്‍കാതെ വന്നതോടെ വിസ ക്യാന്‍സല്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് വിമാന ടിക്കറ്റിന്റെ പണം തിരിച്ചടയ്ക്കാനും ഇയാള്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് തങ്ങള്‍ക്ക് മനസിലാവുന്നതെന്നും മറ്റ് നിവൃത്തികളൊന്നുമില്ലാതായതോടെ അല്‍ ഐനിലുള്ള ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ മുഖേന എംബസിയിലെത്തുകയായിരുന്നുവെന്നും നിഷാദ് പറയുന്നു. നോര്‍ക്കയുടെ സഹായത്തോടെ ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവേദിപ് സിംഗ് സുരി പറഞ്ഞു. ഏജന്റിനെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് കേരളത്തിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments