Latest NewsKerala

ശ്രുതിതരംഗം പദ്ധതിയ്ക്കായി 8.8 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസുവരെ പ്രായമുള്ള മൂകരും ബധിരരുമായ കുട്ടികള്‍ക്ക് സംസാര ശേഷിയും കേള്‍വി ശേഷിയും ലഭിക്കുന്നതിന് വേണ്ടി സാമൂഹ്യ സുരക്ഷ മിഷന്‍ ആവിഷ്‌ക്കരിച്ച ശ്രുതിതരംഗം പദ്ധതിയ്ക്കായി 8 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതുവരെ 948 കുട്ടികള്‍ക്കാണ് ശ്രുതി തരംഗം പദ്ധതിയുടെ സഹായം ലഭിച്ചത്. 5.85 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 113 കുട്ടികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപ വരെ ചെലവ് ചെയ്ത് നടപ്പാക്കുന്ന ഈ പദ്ധതി പൂര്‍ണമായും സൗജന്യമാണ്. നേരത്തെ ഒരു ചെവിയില്‍ മാത്രമായിരുന്നു കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയിരുന്നത്. വിദഗ്ധാഭിപ്രായത്തെ തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒരേ സമയം രണ്ട് ചെവികള്‍ക്കും ഇംപ്ലാന്റേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ രണ്ട് ചെവിയിലും ഇംപ്ലാന്റേഷന്‍ നടത്തുന്നതിലൂടെ ഏറെക്കുറെ സാധാരണ കേള്‍വി സാധ്യമാകുന്നു. 19 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

5 വയസുവരെ പ്രായമുള്ള ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിശക്തിയും തുടര്‍ച്ചയായ ആഡിയോ വെര്‍ബല്‍ ഹബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കിക്കൊടുക്കുന്നതാണ് ഈ പദ്ധതി. പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപവരെ കുടുംബ വരുമാനമുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് എം പാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യ ആശുപത്രി തെരഞ്ഞെടുക്കുന്നവര്‍ സര്‍ജറി ചാര്‍ജ് സ്വന്തമായി വഹിക്കേണ്ടതാണ്.

സമയബന്ധിതമായി കോക്ലിയര്‍ ഇംപ്ലാന്റ് നടത്തുന്നതിന് ശ്രുതിതരംഗം പദ്ധതി കൂടുതല്‍ ശക്തമാക്കുകയും നേരത്തെ കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയവരുടെ പ്രോസസര്‍ കേടാകുമ്പോള്‍ പകരം നല്‍കുന്നതിന് ധ്വനി പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button