ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനും ജ്ഞാനപീഠം ജേതാവുമായിരുന്ന ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് രാവിലെ 6 :30 നായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു ആദ്ദേഹം. അദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകളെക്കുറിച്ച് തീരുമാനമായിട്ടില്ല.
കന്നഡ സാഹിത്യത്തിന് പുതിയ മുഖം നൽകിയ എഴുത്തുകാരനാണ് അദ്ദേഹം.എട്ട് സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്.പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.സ്വന്തം നിലപാടുകൾ എഴുത്തിലൂടെയും വാക്കുകളിലൂടെയും ഭയമില്ലാതെ പറഞ്ഞിരുന്നു എഴുത്തുകാരനായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. ഇതിൽ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്‌റ്റർപീസായി കണക്കാക്കുന്നു. കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938ൽ മുംബൈയിലാണു കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കർണാട് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Post Your Comments