മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനിടെ അപൂര്‍വ്വ കൂടിക്കാഴ്ച്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച സുല്‍ത്താന്‍ ബത്തേരിക്കാരിയായ രാജമ്മ വാവത്തില്‍ എന്ന നഴ്‌സിനെ കെട്ടിപ്പിടിച്ച് രാഹുല്‍ സ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍ കാഴ്ച്ചക്കാരും വികാരഭരിതരായി.
പിഞ്ചുകുഞ്ഞായി കണ്ട രാഹുല്‍ മുതിര്‍ന്ന് വലിയ വ്യക്തിയായി തൊട്ടുമുന്നില്‍ എത്തി തന്നെ ആലിംഗനം ചെയ്തപ്പോള്‍ സന്തോഷവും അതിശയവും അടക്കാനാകാതെ വിതുമ്പിപ്പോയി രാജമ്മ. രാഹുല്‍ വയനാട്ടില്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം രാജമ്മ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു.
കുടുംബത്തൊടൊപ്പം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് രാജമ്മ രാഹുലിനെ കണ്ടത്. അദ്ദേഹത്തിനായി വറുത്ത ചക്ക ഉപ്പേരിയും മധുരപലഹാരങ്ങളും അവര്‍ കരുതിയിരുന്നു. വീണ്ടും കാണാമെന്ന ഉറപ്പിലാണ് രാഹുല്‍ അവരെ യാത്ര അയച്ചത്.
രാഹുല്‍ ജനിച്ച 1970 ജൂണ്‍ 19ന് ഡല്‍ഹിയിലെ ഹോളി ഫാമില ആശുപത്രിയിലെ നഴ്‌സായിരുന്നു രാജമ്മ. പിന്നീട് 87ല്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ കുടംുബത്തൊടൊപ്പം കഴിയുകയാണ് അവരിപ്പോള്‍. തെരഞ്ഞെടുപ്പിനിടെ രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഈ മുന്‍നഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആര്‍ക്കും അത് ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു രാഹുലിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച രാജമ്മയുടെ പ്രസ്താവന.
Post Your Comments