Latest NewsKerala

മൂന്നാം ദിവസവും സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി; റോഡ് ഷോക്ക് ശേഷം മടക്കം

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ആണ് ഇന്ന് ചെലവഴിക്കുക. രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോ ആരംഭിക്കും. തുടര്‍ന്ന് മുക്കത്തെ റോഡ് ഷോക്ക് ശേഷം രണ്ടുമണിയോടെ ഡല്‍ഹിക്ക് മടങ്ങും.

മോദി സര്‍ക്കാരില്‍ നിന്ന് വയനാടിന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ പിണറായി സര്‍ക്കാര്‍ നീതികേട് കാട്ടില്ലെന്ന് മാത്രമല്ല വയനാടിന്റെ പ്രശ്നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് തനിക്ക് ബോദ്ധ്യമുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.
ഈ ഭൂമുഖത്ത് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടെങ്കിലും അതിനേക്കാള്‍ പ്രശ്നങ്ങളാണ് വയനാട്ടിലുള്ളത്. ഈ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിച്ച് പരിഹാരം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെ സ്വഭാവം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. അദ്ദേഹം എത്രമാത്രം നമ്മുടെ പ്രശ്നങ്ങള്‍ കേള്‍ക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

എത്രമാത്രം ശബ്ദമുയര്‍ത്താമോ അത്രയും ശബ്ദമുയര്‍ത്തി ഞാന്‍ വയനാടിന്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ എത്തിച്ച് പരിഹരിക്കും. വയനാടിന്റെ മാത്രം എം.പിയല്ല ഞാന്‍. കേരളത്തിന്റെ ഏത് പ്രശ്നവും പാര്‍ലമെന്റില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ മുന്‍പന്തിയിലുണ്ടാകും. ഇവിടെ വന്നത് നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. ഞാനല്ല നിങ്ങളാണ് യജമാനന്‍. നിങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞാല്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ദിവസമായ ഇന്നലെ രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വെ ലൈന്‍, ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.”കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍, പക്ഷേ വയനാട്ടിലെ ഏത് പൗരന്‍മാര്‍ക്കും ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും എന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കു”മെന്ന് ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button