അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് വാണിജ്യ നിക്ഷേപകരെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്‍ വാണിജ്യഅവസരങ്ങള്‍ക്കായി തുറന്നു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മുമ്പ് ഇത്തരത്തിലൊന്ന് നടന്നിട്ടില്ലെന്നും നാസ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെഫ് ഡെയ്റ്റ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. വര്‍ഷംതോറും രണ്ട് ഹ്രസ്വകാല സ്വകാര്യ ബഹിരകാശ യാത്രകളുണ്ടാകുമെന്ന് ഐഎസ്എസ് ഡെപ്യൂട്ടി ഡയറക്ടര്‍ റോബിന്‍ ഗേറ്റണ്‍സും വ്യക്തമാക്കി.
ബഹിരാകാശത്തില്‍ നിന്ന് ഇനി പരസ്യവുമെത്തിയേക്കും
ബിസിനസ്, ബഹിരാകാശ ടൂറിസം തുടങ്ങിയവ മുന്നില്‍കണ്ട് ബഹിരാകാശ കേന്ദ്രത്തെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് നാസയുടെ നീക്കം. ഇത്പ്രകാരം പരസ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ഷൂട്ട് ചെയ്യുന്നതിനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ഇനിമുതല്‍ ബഹിരാകാശ നിലയം ലഭ്യമാകും. ചിലവേറിയ പരിപാടിയായതിനാല്‍ ശതകോടീശ്വരന്‍മാര്‍ക്ക് മാത്രമേ ബഹിരാകാശത്ത് സമയം ചിലവഴിക്കാന്‍ സാധിക്കൂ. ചിലപ്പോള്‍ സമീപഭാവിയില്‍ തന്നെ സിനിമ ഷൂട്ടിംഗ് വരെ ബഹിരാകാശ നിലയത്തില്‍ നടന്നേക്കാം. കല്‍പ്പന ചൗളയേയും സുനിതാ വില്യംസിനെയും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ബഹിരാകാശഅനുഭവം സ്വയം അറിയാനുള്ള അവസരമാണ് നാസ നല്‍കുന്നത്.
ടൂറിസ്റ്റുകള്‍ ധീരരായ കോടീശ്വരന്‍മാര്‍
30 ദിവസം വരെ നീണ്ടുനില്‍ക്കുന്നതായിരിക്കും മിഷന്‍ ദൗത്യം. വര്‍ഷം തോറും ഒരു ഡസനോളം സ്വകാര്യബഹിരാകാശയാത്രികര്‍ക്ക് ഐഎസ്എസ് സന്ദര്‍ശിക്കാനാകുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. നാസക്ക് വേണ്ടി പ്രത്യേകമായി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ വികസിപ്പിച്ചെടുത്ത രണ്ട് സ്വകാര്യകമ്പനികളാണ് യാത്രക്കാരെ ബഹിരാകാശ കേന്ദ്രത്തിലെത്തിക്കുന്നത്. ഇവരായിരിക്കും യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും അതിനുള്ള ചെലവ് നിശ്ചയിക്കുന്നതും. വളരെ ചെലവേറിയതായിരിക്കും ഈ സാഹസയാത്ര. ഒരു റൗണ്ടിനായി മാത്രം ഏകദേശം 58 മില്യന്‍ ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരും. ഇതിന് പുറമേ വിനോദസഞ്ചാരികള്‍ ഭക്ഷണത്തിനും വെള്ളത്തിനും ഉപരിതല ലൈഫ് സപ്പോര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നതിനുമുള്ള ചെലവ് നാസയ്ക്കും നല്‍കേണ്ടിവരും. ഒരോ ബഹിരാകാശ യാത്രികര്‍ക്കും 35,000 ഓളം യുഎസ് ഡോളറായിരിക്കും ഒരു രാത്രിക്ക് വേണ്ടി നല്‍കേണ്ടി വരിക. ചുരുക്കത്തില്‍ കയ്യില്‍ കോടികളുടെ ആസ്തിയുള്ളവര്‍ക്ക് മാത്രമേ ഇവിടെ എത്താനാകൂ. പണം മാത്രമല്ല അതോടൊപ്പം ധൈര്യവും പ്രധാനഘടകമാണ്.
പൂര്‍ത്തിയാക്കിയത് അന്തരീക്ഷത്തില്‍ 20 വര്‍ഷം
ബഹിരാകാശയാത്ര സ്വപ്‌നം കണ്ട് കഴിയുന്ന വ്യക്തികളെയാണ് നാസയുടെ തീരുമാനം ആവേശത്തിലാക്കുന്നത്. കാലക്രമേണ, ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെ വാണിജ്യ-വിനോദ കേന്ദ്രങ്ങളില്‍ ഒന്നായി ബഹിരാകാശ നിലയം മാറുമെന്നാണ് കരുതേണ്ടത്. ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (International space station or ISS). ഭൂമിയില്‍നിന്നും കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 28000 കി.മി വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും. മൈക്രോ ഗ്രാവിറ്റിയില്‍ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിര്‍മിച്ചത്.1998ലാണ് നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ അന്തരീക്ഷത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി. ഈ നിലയത്തിലേക്ക് ബഹിരാകാശ യാത്രികര്‍ പോകാന്‍ തുടങ്ങിയത് 2000 അവസാനത്തോടെയാണ്. 16 രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ബഹിരാകാശ കേന്ദ്രം നാസയുടേതല്ല. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഓര്‍ബിറ്ററിലെ ഘടകങ്ങളുടെ ഭൂരിഭാഗത്തിനും അമേരിക്കയാണ് പണം ചെലവഴിച്ചിരിക്കുന്നത്.
ബഹിരാകാശനിലയത്തിന്റെ നിലനില്‍പ്പ് നാസയുടെ കയ്യില്‍
നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണ് നാസ. 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നാസ എത്തിച്ചിട്ടുണ്ട്. 1958-ല്‍ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടണ്‍ ആണ്. ബഹിരാകാശ കേന്ദ്രത്തിനുള്ള സര്‍ക്കാര്‍ സഹായം നല്‍കുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചതാണ് നാസയെ ഈ നീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. സ്പേസ് സ്റ്റേഷനില്‍ റിപ്പയറിംഗിനും പുതിയ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുമായി അവിടെ താമസയ്ക്കുന്ന യാത്രികര്‍ക്ക് അനവധി തവണ സ്പേസ്വാക്ക് ചെയ്യേണ്ടി വരാറുണ്ട്.വളരെ അപകടം പിടിച്ച ഒന്നാണത്. ബഹിരാകാശ യാത്രയും ബഹിരാകാശ നിലയത്തിലെ വാസവും ഒട്ടും സുഖമുള്ള ഏര്‍പ്പാടല്ല. വളരെ കഠിനമായ ആരോഗ്യപ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് ബഹിരാകാശ സഞ്ചാരികള്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുന്നത്. ഇതുവരെ 18 രാജ്യത്തെ 232 യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ദിവസം ഈ സ്പേസ് സ്റ്റേഷനില്‍ കഴിഞ്ഞതിന്റെ റിക്കാര്‍ഡ് നാസയുടെ പെഗി വൈറ്റ്‌സണ്‍ ന്റെ പേരിലാണ്. 534 ദിവസമാണ് പെഗി ഇവിടെ കഴിച്ചുകൂട്ടിയത്.
ഡെന്നിസ്, ആദ്യമെത്തിയ ടൂറിസ്റ്റ്
എന്തായാലും അന്താരാഷ്ട്ര ബഹിരാകാശ നിലയം വിനോദസഞ്ചാരകേന്ദ്രമാകുമ്പോള്‍ ആദ്യമെത്തുന്ന വിനേദസഞ്ചാരിയായ ബഹിരാകാശ യാത്രികന്‍ എന്ന ബഹുമതി സ്വന്തമാക്കാമെന്ന് പക്ഷേ ആരും വ്യാമോഹിക്കേണ്ട. അമേരിക്കന്‍ വ്യവസായി ഡെന്നിസ് ടിറ്റോയ്ക്ക് 2001 ല്‍ ആ ബഹുമതി ലഭിച്ചിരുന്നു. ബഹിരാകാശ നിലയലത്തിലെ യാത്രയ്ക്കായി റഷ്യയ്ക്ക് 20 മില്ല്യന്‍ ഡോളറാണ് അദ്ദേഹം അന്ന് നല്‍കിയത്. എന്തായാലും ബഹിരാകാശത്തെ വിസ്മയങ്ങള്‍ അനുഭവിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മുന്നിലാണ് നാസ വാതില്‍ തുറന്നിരിക്കുന്നത്. ആരൊക്കെയാണ് വരുംവര്‍ഷങ്ങളില്‍ ഇവിടെയെത്തുക എന്നതാണ് ഇനി കാണാനുള്ളത്. ട്രംപ് ഭരണകൂടത്തിന് താത്പര്യമില്ലാത്തതിനാല്‍ ഈ സ്പേസ് സ്റ്റേഷന്‍ 2024 ല്‍ അടച്ചുപൂട്ടുമെന്ന സങ്കടകരമായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നാസ പുതിയ പരീക്ഷണവുമായി ബഹിരാകാശ നിലയത്തിന്റെ നിലനില്‍പ്പ് സുഗമമാക്കാനൊരുങ്ങുന്നത്.
Post Your Comments