മുംബൈ: ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസിനെ മാതൃകയാക്കണമെന്ന ഉപദേശം പവാർ നൽകിയത്.ആർഎസ്എസ് പ്രവർത്തകർ ഗൃഹസമ്പർക്കത്തിനിറങ്ങുന്നതിനിടെ അഞ്ച് വീടുകളിൽ കയറുമ്പോൾ ഒരെണ്ണം അടച്ചിട്ടിരിക്കുകയാണെങ്കിൽ അവർ വീണ്ടും വരും.
ആ വീടുകളിലെ ആളുകളെ കാണുന്നതിനും അവരുമായി ബന്ധം നിലനിർത്തുന്നതിനും അവർ നിരന്തരം സമ്പർക്കത്തിലേർപ്പെടും.നമ്മുടെ പാർട്ടി പ്രവർത്തകരും ഉടൻ തന്നെ ഗൃഹസമ്പർക്കം ആരംഭിക്കണം. ഇപ്പോൾ ആരംഭിച്ച് വീടുകളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുക. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ ചെല്ലുമ്പോൾ വോട്ടെടുപ്പ് സമയത്ത് മാത്രമേ ഞങ്ങളെ ഓർമ്മയുള്ളോ എന്ന ചോദ്യം ജനങ്ങൾ ചോദിക്കുമെന്നും പവാർ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് ലഭിച്ച ജനപിന്തുണ മറികടക്കാൻ ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തണമെന്ന് മനസ്സിലാക്കിയാണ് എൻസിപി അദ്ധ്യക്ഷൻ ആർഎസ്എസിനെ മാതൃകയാക്കാൻ ആവശ്യപ്പെട്ടത്.ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി – ശിവസേന സഖ്യം 41 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് – എൻസിപി സഖ്യത്തിന് വെറും അഞ്ച് സീറ്റുകൾ മാത്രമാണ് നേടാനായത്.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിയും ശിവസേനയും ആകെ 186 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ കോൺഗ്രസ് – എൻസിപി സഖ്യം ഭരണകക്ഷിയായിരുന്നിട്ടുകൂടി വെറും 83 സീറ്റുകളിൽ ഒതുങ്ങി.
Post Your Comments