ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക – മാലീദ്വീപ് സന്ദര്‍ശനം നാളെ
തുടങ്ങും. മാലിദ്വീപില്‍ ഭരണ മാറ്റവും ശ്രീലങ്കയില്‍ ഭീകരാക്രമണവും ഉണ്ടാ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിര്‍ണായകമാണ്. ചൈനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധം കരുത്തുറ്റതാകുന്നത്. ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് പുതിയ പ്രസിഡന്റ്.
അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം. ഐഎസ് ഭീകരരുടെ ഈസ്റ്റര്‍ ആക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി മോദി ആദ്യം സന്ദര്‍ശനം നടത്തുന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രിയായ റനില്‍ വിക്രമ സിംഗെയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. വിക്രമസിംഗെയെ പുറത്താക്കി ചൈന പക്ഷപാതിയായ മഹീന്ദ്ര രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞ രജപക്ഷെ രാജിവെച്ച് പുറത്തുപോയതോടെ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി. ഈസ്റ്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയ കാര്യം പുറത്തുപറഞ്ഞതും വിക്രമസിംഗെയാണ്.ഈ രാജ്യങ്ങളില്‍ ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിനു പിന്നിലുണ്ട്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മാലദ്വീപും മറ്റന്നാള്‍ ശ്രീലങ്കയും സന്ദര്‍ശിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് ഇരുവരുടേതും.
രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിംസ്റ്റെക് രാഷ്ട്രങ്ങളെ മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. മാലദ്വീപിലെ ക്രിക്കറ്റ് പുരോഗതിക്ക് ഇന്ത്യ ശ്രമിക്കുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മാലദ്വീപ് പാര്‍ലമെന്റിനെ മോദി നാളെ അഭിസംബോധന ചെയ്യും.
Post Your Comments