Latest NewsIndia

സ്‌പൈസ് 2000 ബോംബുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ; ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ബാലാകോട്ട് മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച ‘സ്‌പൈസ് 2000’ ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി വ്യോമസേന. 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറൊപ്പിട്ടു. ഒരു ബോംബിന് മൂന്നുകോടി രൂപ വീതമാണ് ചെലവ്. കരാര്‍ പ്രകാരം മൂന്നുമാസത്തിനുള്ളില്‍ ബോംബുകള്‍ ഇന്ത്യക്ക് നല്‍കും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഫെബ്രുവരി 27ലെ ബാലാകോട്ട് മിന്നലാക്രമണത്തില്‍ വന്‍ പ്രഹരശേഷിയുള്ള സ്‌പൈസ് 2000 ബോംബുകള്‍ കാര്യക്ഷമമായിരുന്നുവെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ നിരീക്ഷണം.

സ്‌പൈസ് 2000ത്തിന് ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന വിലയിരുത്തലിലാണ് ഇത്രയും ബോംബുകള്‍ ഒരുമിച്ച് വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. പാകിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് വലിയ വിലയില്‍ ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന തയ്യാറായത്.

ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസിന്റേതാണ് സ്പൈസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാരക പ്രഹരശേഷിയും കൃത്യതയുമുള്ള സ്‌പൈസ് 2000 എന്ന ബോംബ്. ഫൈറ്റര്‍ വിമാനത്തിന്റെ കോക്ക്പിറ്റിലെ കമ്പ്യൂട്ടര്‍ കണ്‍സോളില്‍ നിന്നും അതിലേക്ക് ഒരു സ്മാര്‍ട്ട് ലിങ്ക് സാധ്യമാണ് എന്നതാണ് പ്രധാന പ്രത്യേകത. പറന്നുപൊങ്ങും മുമ്പ് എയര്‍ ബേസില്‍ വെച്ച് തന്നെ അക്രമിക്കാനുദ്ദേശിക്കുന്ന നൂറോളം ഇടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിലേക്കു ലോഡ് ചെയ്യാന്‍ പറ്റും. അതിനാല്‍ തന്നെ കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ ഇതിന് കഴിയും. 60 കിലോമീറ്റര്‍ ദൂരെ നിന്നു തന്നെ ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിട്ടു പറന്നുചെല്ലാനുള്ള കഴിവ് ഇതിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button