
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പ്രധാന പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. ടിആർഎസിൽ ചേരാനുള്ള 12 എംഎൽഎമാരുടെ ആവശ്യം സ്പീക്കർ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചതോടെയാണ് കോൺഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായത്. ആകെയുള്ള 18 പേരിൽ 12 പേരും ടിആർഎസിൽ ചേർന്നതോടെ സഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ വെറും ആറായി.
ഭൂരിപക്ഷം എംഎൽഎമാരും പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവുകയുമില്ല. അതേസമയം, കോൺഗ്രസിനെ ടിആർഎസുമായി ലയിപ്പിക്കണമെന്നും പാർട്ടിവിട്ട എംഎൽഎമാർ ആവശ്യമുന്നയിച്ചതായാണ് റിപ്പോർട്ടുകൾ.119 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 88 സീറ്റുകള്‍ നേടി ടിആര്‍എസ് അധികാരത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് 19ഉം അസറുദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടി ഏഴും ബിജെപി ഒരു സീറ്റിലുമാണ് വിജയിച്ചത്.
എന്നാൽ സംസ്ഥാന അദ്ധ്യക്ഷൻ ഉത്തം കുമാര്‍ റെഡ്ഡി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്നു. അതോടെയാണ് കോൺഗ്രസ് അംഗസംഖ്യ 18 ആയത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ കോൺഗ്രസിനേറ്റ കനത്ത പ്രഹരമാണ് തെലങ്കാനയിൽ പാർട്ടി എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിൽ ചേർന്നത്. കോൺഗ്രസിന്റെ സമൂഹമാദ്ധ്യമ വിഭാഗത്തിന്റെ മേധാവി ദിവ്യ സ്പന്ദന അടക്കമുള്ളവരും ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. ദിവ്യയുടെ ട്വിറ്ററിലെ മുഴുവൻ ട്വീറ്റുകളും കഴിഞ്ഞ ദിവസം അപ്രത്യക്ഷമായിരുന്നു.
Post Your Comments