ടോക്കിയോ: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായ് മീടൂ ക്യാംപെയ്ന്‍ ലോകമെങ്ങും വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. എന്നാലിപ്പോള്‍ പ്രശസ്തിയാര്‍ജിക്കുന്നത് ജപ്പാനില്‍ സ്ത്രീകള്‍ ഏറ്റെടുത്ത ‘ക്യുടൂ’ പ്രതിഷേധമാണ്. ജോലിയുടെ ഭാഗമായി മടമ്പുയര്‍ന്ന (ഹൈ ഹീല്‍ഡ്) ചെരിപ്പുകള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരെയാണ് പ്രതിഷേധം.
ജാപ്പനീസ് ഭാഷയിലെ ഷൂസ് എന്നര്‍ഥം വരുന്ന ‘ക്യുറ്റ്‌സു’, വേദന എന്നര്‍ഥം വരുന്ന ‘ക്യുറ്റ്‌സൂ’ എന്നീ വാക്കുകള്‍ സൂചിപ്പിക്കാനാണ് ‘ക്യുടൂ’ എന്ന് മുന്നേറ്റത്തിനു പേരിട്ടിരിക്കുന്നത്. നടിയും എഴുത്തുകാരിയുമായ യുമി ഇഷികാവ ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ വലിയൊരു വിഭാഗം ഏറ്റെടുത്തു. 20,000ലേറെ സ്ത്രീകള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പരാതി തൊഴില്‍ വകുപ്പിനു കൈമാറി.
ഹൈ ഹീല്‍ഡ് ചെരിപ്പുകളുടെ ഉപയോഗം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പുരുഷന്മാരുടെ മേല്‍ ആരും ഇത്തരം നിബന്ധനകള്‍ ചുമത്തുന്നില്ലെന്നുമാണ് സ്ത്രീകള്‍ പറയുന്നത്. മുന്‍പ് ബ്രിട്ടനില്‍ സമാന പ്രതിഷേധം അരങ്ങേറിയിരുന്നു. 2016ല്‍ നിക്കോള തോര്‍പ്പിന്റെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ സമാന പ്രതിഷേധം അരങ്ങേറിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ‘ഹൈ ഹീല്‍ഡ്’ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് നിയമപരമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments