വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകൾക്കു പരിസമാപ്തി കുറിച്ചും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്കി കൊണ്ടും കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മുപ്പതു വ്രതദിനങ്ങൾ പൂർത്തീകരിച്ച് കൊണ്ടാണ് കേരളത്തിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുക. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാതെ വന്നതോടെ റംസാന് 30 പൂര്‍ത്തിയാക്കി ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും പള്ളികൾ കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കുക. വിശ്വാസികള്‍ പുതു വസ്ത്രങ്ങളണിഞ്ഞ് പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്ക്കാരത്തിനായി എത്തും പ്രര്ത്ഥനയ്ക്ക എത്തുന്നവര്‍ പരസ്പരം ആലിംഗനം ചെയ്ത് സ്നേഹസന്ദേശങ്ങള്‍ കൈമാറും. പിന്നീട് കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കും. തെളിഞ്ഞ കാലാവസ്ഥ പെരുന്നാള്‍ ആഘോഷത്തിന്റെ പൊലിമ കൂട്ടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. മക്കയിലും മദീനയിലുംലക്ഷക്കണക്കിനു വിശ്വാസികളാണ് പെരുന്നാളിന്റെ പുണ്യം തേടാന്‍ എത്തിയത്. ഗൾഫിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന നിസ്കാരത്തില്‍ നിരവധിപേരാണ് പങ്കെടുത്തത്.
ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ര് എന്ന പദത്തിന് നോമ്പു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ റമദാന് മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂര്‍ത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുല്‍ ഫിത്ര് അര്‍ത്ഥമാക്കുന്നത്.
Post Your Comments