കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആശുപത്രി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് സംഭവം. ഇവിടത്തെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ആസ്ട്രോ, നോറോ എന്നീ മാരക വൈറസുകളുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തിയതിനാല്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം തിങ്കളാഴ്ച കാന്റീന് അടപ്പിച്ചു.
കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയാണ് ഇഖ്റ. ദിനംപ്രതി നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇവിടുത്ത കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് അസുഖം ബാധിച്ചത്. ഇതേ തുടര്‍ന്ന് കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയായിരുന്നു.
കിണര്‍വെള്ളമാണ് ഇവിടെ കുടിവെള്ളമായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് കുടിവെള്ളം പരിശോധിച്ചപ്പോഴാണ് മാരകമായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന. ആസ്ട്രോ വൈറസ്, നോറോ വൈറസ്, കോളിഫോം ബാക്ടീരിയ തുടങ്ങിയവയുള്ളതായാണ് കണ്ടെത്തിയത്. ആസ്ട്രോ, നോറോ എന്നിവ വെള്ളത്തിലൂടെയാണ് ശരീരത്തിലെത്തുക. ഇവ ശരീരത്തില്‍ കടന്നാല്‍ വയറിളക്കവും ഛര്‍ദിയും രൂക്ഷമാവും.
കാന്റീനിലെ ഭക്ഷണം കഴിച്ച 230ഓളംപേര്‍ രണ്ടാഴ്ചയ്ക്കിടെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. ഇതറിഞ്ഞ് കോര്പ്പറേഷന് ആരോഗ്യ വിഭാഗം പരിശോധനടത്തിയപ്പോഴാണ് ഹെല്‍ത്ത്കാര്‍ഡും കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ടുമില്ലാതെയാണ് ഇത്രയുംകാലം കാന്റീന് പ്രവര്‍ത്തിച്ചതെന്ന് അറിഞ്ഞത്. കാന്റീന് ശുചീകരിച്ച്, പ്രവര്‍ത്തിക്കാന്‍ പൂര്ണ്ണസജ്ജമായതിന് ശേഷം തുറന്നാല്‍ മാത്രം മതിയെന്ന് ആരോഗ്യവിഭാഗത്തിന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു.
ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും കിണര്‍വെള്ളത്തില്‍ കലര്‍ന്നതാകാം പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്.
Post Your Comments