കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പ്രതികളായ വൈദികരുടെ ലാപ്‌ടോപ്പുകളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയില്‍ വഴി വൈദികര്‍ക്ക് അയച്ച രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖകള്‍ ഉണ്ടാക്കിയതിന് അറസ്റ്റില്‍ ആയി ജാമ്യത്തില്‍ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നല്‍കി വരുത്തുകയായിരുന്നു. ആദ്യം വൈദികര്‍ക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യല്‍ തുടരും. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുന്‍പ് പ്രതികള്‍ക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.
വ്യാജരേഖകേസില്‍ പ്രതികളായ വൈദികര്‍, പോള്‍ തേലക്കാട്ട് , ആന്റണി കല്ലുകാരന്‍ എന്നിവര്‍ ഉപയോഗിച്ച ലാപ്ടോപ്പുകള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇവ സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങള്‍ കണ്ടെത്തിയത്. വൈദികരുടെ ഇമെയില്‍ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാല്‍ ഇതേ ലാപ്‌ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യത ഉണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. മധ്യസ്ഥനായി ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നിയമിക്കട്ടെ എന്നും കോടതി ചോദിച്ചു. കേസില്‍ നിന്നൊഴിവാക്കണമെന്ന ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിന്റെയും ഫാദര്‍ പോള്‍ തേലക്കാട്ടിന്റെയും ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉന്നയിച്ചത്. ഭൂമി ഇടപാട് പരാതികള്‍ പിന്‍വലിച്ചാല്‍ ആലോചിക്കാമെന്ന് കര്‍ദിനാള്‍ പക്ഷം കോടതിയില്‍ അറിയിച്ചു.
Post Your Comments