കൊച്ചി: മഹാരാജാസ് കോളേജിലെ വ്യാജരേഖ കേസിൽ തൃക്കരിപ്പൂർ സ്വദേശിയും മുൻ എസ്.എഫ്.ഐക്കാരിയുമായ കെ വിദ്യയ്ക്ക് നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എല്ലാ നിലയിലും ജീവിതത്തോട് പൊരുതി ജയിച്ചു വന്ന ഒരു പെൺകുട്ടിയെ അവൾക്കുണ്ടായ ഒരു വീഴ്ചയുടെ പേരിൽ ഇത്രയധികം വേട്ടയാടുന്നതെന്തിനെന്ന ചോദ്യമുയർത്തുന്ന ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഇതിനിടെ വൈറലാകുന്നു. വിദ്യയെ മുൻ നിർത്തി എസ്.എഫ്.ഐയെ ആക്രമിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും, അതിനുള്ള കുറുക്കുവഴിയാണ് വിദ്യയ്‌ക്കെതിരെയുള്ള ആക്രമണമെന്നും വൈറലാകുന്ന ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഇത്രമേൽ വേട്ടയാടപ്പെടാനും മാത്രം ഭീകരമായ എന്ത് കുറ്റകൃത്യമാണ് വിദ്യ എന്ന പെൺകുട്ടി ചെയ്തതെന്ന് ജയചന്ദ്രൻ എഴുതിയ കുറിപ്പിൽ ചോദിക്കുന്നു. ചെയ്യാൻ പാടില്ലാത്ത, നിയമവിരുദ്ധമായ, അധാർമികമായ ഒരു പ്രവൃത്തി അവർ ചെയ്തുവെന്നത് ശരിയാണെന്നും, അതിനവർ നിയമ നടപടികൾ നേരിടട്ടെ എന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, ഏതൊരു കുറ്റാരോപിതയ്ക്കും ലഭിക്കേണ്ട സാമാന്യ നീതി അവർക്കും ലഭിക്കേണ്ടതുണ്ട് എന്ന സാമാന്യ തത്വം പോലും മറന്നുകൊണ്ടുള്ള മാധ്യമ-പ്രതിപക്ഷ വേട്ടയാടൽ, വിദ്യ ചെയ്ത കുറ്റകൃത്യം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
വൈറൽ കുറിപ്പിന്റെ പൂർണരൂപം:
ഇത്രമേൽ വേട്ടയാടപ്പെടാനും മാത്രം ഭീകരമായ എന്ത് കുറ്റകൃത്യമാണ് വിദ്യ എന്ന പെൺകുട്ടി ചെയ്തത്?
ചാനലുകൾ തുറന്നാൽ കെ. വിദ്യ.
പത്രങ്ങൾ മറിച്ചാലും കെ.വിദ്യ.
പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര മന്ത്രിയുടെയും പത്രസമ്മേളനങ്ങളിലും പ്രസ്താനവനകളിലും വരെ കെ.വിദ്യ..
ശെരിയാണ്, ചെയ്യാൻ പാടില്ലാത്ത, നിയമവിരുദ്ധമായ, അധാർമികമായ ഒരു പ്രവൃത്തി അവർ ചെയ്തു. അതിനവർ നിയമ നടപടികൾ നേരിടട്ടെ.
എന്നാൽ, ഏതൊരു കുറ്റാരോപിതയ്ക്കും ലഭിക്കേണ്ട സാമാന്യ നീതി അവർക്കും ലഭിക്കേണ്ടതുണ്ട് എന്ന സാമാന്യ തത്വം പോലും മറന്നുകൊണ്ടുള്ള മാധ്യമ-പ്രതിപക്ഷ വേട്ടയാടൽ, വിദ്യ ചെയ്ത കുറ്റകൃത്യം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ് എന്ന് ഞാൻ കരുതുന്നു.
ഒരു സാദാ കൂലിപ്പണിക്കാരന്റെ മകൾ.
പഠിക്കാൻ സമർത്ഥ.
ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും റാങ്കോടെ വിജയം.
കഥകളെഴുതും. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ മത്സരത്തിൽ കഥയ്ക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്.
ഒരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
താഴെയുള്ള രണ്ടു കൂടപ്പിറപ്പുകളുടെ വിദ്യാഭാസച്ചിലവുകളടക്കം തലയിലാണ്.
ഒരു ജോലി അനിവാര്യമാണ്.
ഇന്റർവ്യൂവിലെ ഒരു പ്രധാന കടമ്പയാണ് അധ്യാപനത്തിലെ മുൻപരിചയം.
ഒരവിവേകം ചെയ്യാൻ തോന്നി. ആരെങ്കിലുമൊക്കെ പ്രേരിപ്പിച്ചുകാണണം. പാടില്ലാത്തതും നിയമവിരുദ്ധവുമായ ഒരു തെറ്റ്. അത് ചെയ്തു എന്നാണ് ഇപ്പോഴുള്ള പരാതി.
അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അവർ അതിനുള്ള നിയമപരമായ നടപടികൾ നേരിടണം.
ഓരോ കുറ്റകൃത്യത്തിനും അതിന്റേതായ മെറിറ്റ് ഉണ്ട്.
സഹപാഠിയുടെ ഒരു പേന മോഷ്ടിക്കുന്നതും ഒരു ജ്വല്ലറി കുത്തിത്തുറന്ന് സ്വർണം മോഷ്ടിക്കുന്നതും “മോഷണ” മെന്ന വിശേഷണത്തിൽ വരുമെങ്കിലും രണ്ടും രണ്ടാണെന്ന് തിരിച്ചറിവുള്ളവർക്ക് മനസിലാക്കാൻ പ്രയാസമില്ല.
ചെയ്ത തെറ്റിന് ആനുപാതികമായ വേട്ടയാടലല്ല വിദ്യ എന്ന പെൺകുട്ടി ഇപ്പോൾ നേരിടുന്നത്.
അതിന്റെ പ്രധാന കാരണം പഠിക്കുന്ന കാലത്ത് അവർ എസ് എഫ് ഐ യിൽ പ്രവർത്തിച്ചിരുന്നു എന്നതാണ്.
ഇവിടെയിത്തരം കുറ്റകൃത്യങ്ങൾ ഇതിനുമുൻപ് ഉണ്ടായിട്ടില്ലേ?
പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചതിന് പിടികൂടപ്പെട്ട് യുണിവേഴ്സിറ്റിയാൽ ഡീ ബാർ ചെയ്യപ്പെട്ടൊരാൾ ഇന്ന് കേരളത്തിലെ ഒരു കോൺഗ്രസ്സ് എം എൽ ഏ യാണ്.
യു ഡി എഫ് കൺവീനർ എം എം ഹസ്സനും പഠനകാലത്ത് ഇതുപോലൊരു തിരിമറിയിൽ പിടിക്കപ്പെട്ട് പ്രതിയായ ആളാണ്.
ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി, അദ്ദേഹത്തിനുണ്ടെന്നു സ്വയം അവകാശപ്പെടുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കാണിക്കാൻ നിയമപരമായി ആവശ്യപ്പെട്ടിട്ടുപോലും അതിന് തയ്യാറാകുന്നില്ല.
ഇനി നമ്മുടെ യൂണിവേഴ്സിറ്റികൾക്കകത്ത് തന്നെ കാലാകാലങ്ങളായി നടക്കുന്നതെന്താണ് ?
അധ്യാപകർ അവരുടെ പ്രമോഷൻ തരപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന വേല എന്നോട് വെളിപ്പെടുത്തിയത് ഒരു കോളേജ് അധ്യാപകൻ തന്നെയാണ്.
തങ്ങളുടെ അധ്യാപന ജീവിതത്തിൽ ഒരിക്കൽ പോലും നടത്തിയിട്ടില്ലാത്ത പ്രബന്ധാവതരണങ്ങളുടെ ‘തെളിവുകൾ’ വ്യാജമായുണ്ടാക്കി പ്രമോഷൻ നേടി ഖജനാവിൽ നിന്ന് ഇക്കൂട്ടർ അടിച്ചു മാറ്റുന്നത് കുറഞ്ഞ തുക വല്ലതുമാണോ?
നാല്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ് ഇത്തരം വ്യാജ തെളിവുകൾ സമർപ്പിച്ച് പ്രമോഷൻ നേടി അതുവഴിയുള്ള ശമ്പള വർധനവിലൂടെ ഇക്കൂട്ടർ അനധികൃതമായി പോക്കറ്റിലാക്കുന്നത്..
ഇത്തരക്കാർ അടക്കമുള്ള “നീതി”മാന്മാരാണ് വിദ്യയുടെയും അതുവഴി എസ് എഫ് ഐ യുടെയും രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരിൽ ചിലർ.
വിദ്യയെ മുൻ നിർത്തി എസ് എഫ് ഐ യെ ആക്രമിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള കുറുക്കു വഴിയാണിവർ തേടുന്നത്. അല്ലാതെ വിദ്യ ചെയ്ത തെറ്റിനോട് ഏതെങ്കിലും തരത്തിൽ അവർക്കുള്ള ജെനുവിനായ പ്രതിഷേധമല്ല.
എല്ലാ നിലയിലും ജീവിതത്തോട് പൊരുതി ജയിച്ചു വന്ന ഒരു പെൺകുട്ടിയെ അവൾക്കുണ്ടായ ഒരു വീഴ്ചയുടെ പേരിൽ ഈ വിധം വേട്ടയാടുന്നവരോട് ഒന്നേ പറയാനുള്ളൂ.
“നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.”
Post Your Comments