Latest NewsUAEGulf

വാട്‌സ്ആപ് വഴി വധഭീഷണി; യുഎഇയില്‍ യുവാവിന് ലഭിച്ച ശിക്ഷ ഇങ്ങനെ

ദുബായ്: വാട്‌സ്ആപിലൂടെ സുഹൃത്തായ യുവതിക്ക് ഭീഷണി സന്ദേശമയച്ച യുവാവിന് ജയില്‍ ശിക്ഷ. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിദേശി യുവാവിനാണ് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. അതേ രാജ്യക്കാരിയും സുഹൃത്തുമായ യുവതിയെ കൊല്ലുമെന്നായിരുന്നു 39 കാരനായ യുവാവിന്റെ ഭീഷണി. ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

ഈ വര്‍ഷം ജനുവരിയില്‍ അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കുന്നതിനും ഏഴ് മാസം മുന്‍പാണ് താന്‍ പ്രതിയെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു. യുവതി തന്റെ സഹോദരന്റെ സുഹൃത്തെന്ന നിലയിലായിരുന്നു ഇയാളുമായി പരിചയത്തിലായത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ ഇടയ്ക്ക് തന്നെ വാഹനത്തില്‍ കൊണ്ടു പോകുമായിരുന്നുവെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പിന്നീട് ഇയാള്‍ യുവതിയുടെ കൈയില്‍ നിന്ന് 2500 ദിര്‍ഹം കടമായി വാങ്ങി. സഹോദരനില്‍ നിന്ന് 2000 ദിര്‍ഹവും വാങ്ങിയിരുന്നു. മൂന്ന് മാസത്തിനകം ഈ പണം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സമയം കഴിഞ്ഞും പണം കിട്ടാതെ വന്നപ്പോള്‍ യുവതി ഇക്കാര്യം ചോദിച്ചതാണ് ഇയാളെ പ്രകോപിച്ചത്. പിന്നാലെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വാട്‌സ്ആപ് വഴി ഇയാള്‍ യുവതിക്ക് നിരവധി ഭീഷണി സന്ദേശങ്ങളയച്ചു. കൊല്ലുമെന്നായിരുന്നു ഇതിലധികവും. മെസേജുകള്‍ സഹിതം യുവതി പരാതി നല്‍കിയതോടെ പൊലീസ് ഇയാളെ പിടികൂടി. പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ അയച്ച മെസേജുകള്‍ വിവര്‍ത്തനം ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്‌ക്കൊടുവില്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button