കൊച്ചി: കൊച്ചിയില്‍ നിപ വൈറസ് ബാധ സംശയത്തില്‍ ചികിത്സയിലുള്ള യുവാവിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍. രോഗിയുടെ അച്ഛനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംശയം തോന്നിയപ്പോള്‍ തന്നെ മകനെ പ്രത്യേക വാര്‍ഡിലേയ്ക്ക് മാറ്റിയെന്നും യുവാവിന്റെ അച്ഛന് പറഞ്ഞു.
പത്ത് ദിവസമായുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുള്ള യുവാവിനെ ബാധിച്ച വൈറസ് ഏതെന്ന് ആശുപത്രിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയുടെ രക്തംആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധനകള്‍ക്കായി അയച്ചത്. എന്നാല്‍ ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് നിപയാണെന്ന് സൂചനയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അറിയിച്ചിരുന്നു. എന്നാല്‍ പരിശോധന ഫലം കിട്ടിയാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം യുവാവ് പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും പരിസരവും തൃശ്ശൂരില്‍ തൊഴില്‍ പരിശീലനത്തിയ ഇടവും നിരീക്ഷണത്തിലാണ്.
തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നതായി തൃശ്ശൂര്‍ ഡിഎംഒ കെ.ജെ റീന പറഞ്ഞു. തുടര്‍ന്ന് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തേയ്ക്ക് കൊണ്ടു പോയതെന്ന് ഡിഎംഒ അറിയിച്ചു.
22 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് തൊഴില്‍ പരിശീലനത്തിനായി വിദ്യാര്‍ത്ഥി തൃശ്ശൂരില്‍ എത്തിയത്. ഇതില്‍ യുവാവുമായി കൂടുതല്‍ ഇടപഴകിയ ആറ് വിദ്യാര്‍ത്ഥികളൊഴിച്ച് 16 പേരും സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോയെന്നും ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. എന്നാല്‍ യുവാവുമായി കൂടുതല്‍ ഇടപഴകിയ ആറു പേരും ഇപ്പോഴും തൃശ്ശൂരില്‍ തന്നെയുണ്ട്. അതേസമയം യുവാവിനൊപ്പമുണ്ടായിരുന്ന 22 പേര്‍ക്കും പനിയുടെ ലക്ഷണമില്ല.
Post Your Comments