KeralaLatest News

പിന്തുണ നല്‍കാന്‍ പോലും ഭയക്കണം; വിനായകനെ കുറിച്ച് ദീപാ നിശാന്ത്

വിയാനകനെതിരെ സൈബര്‍ ആക്രമണം തുടരുമ്പോള്‍ താരത്തെ പിന്തുണച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. അയാള് പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും വരാനില്ല. തിരക്കഥയെഴുതാതെ തന്നെ അയാള്‍ സംവിധാനം ചെയ്ത മൂര്‍ച്ചയുള്ള ഒരു ‘സാമൂഹ്യവിമര്‍ശനചിത്ര ‘മാണ് അയാളുടെ ഇപ്പോഴത്തെ പ്രൊഫൈലെന്ന് ദീപ പ്രതികരിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

“ഞാനൊരു അയ്യങ്കാളി ചിന്താഗതിക്കാരനായ മനുഷ്യനാണ്.ഒരു ഫെറാരി കാറില്‍ വരാന്‍ പറ്റുമെങ്കില്‍ അങ്ങനെതന്നെ വരണം എന്നാണ് എന്റെ ചിന്ത. അല്ലാതെ ഒരു പുലയനാണെന്ന് പറഞ്ഞിട്ട് ഞാനൊരിക്കലും പുറകോട്ട് പോകില്ല.പറ്റുമെങ്കില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.”

പോയിന്റ് ബ്ലാങ്കിൽ ജിമ്മിയുമായുള്ള അഭിമുഖത്തിനിടെ വിനായകൻ പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ നിങ്ങൾക്ക് വേണമെങ്കിൽ ‘അർത്ഥം കിട്ടിയാലുള്ള അർദ്ധരാത്രിയിലെ കുടപിടിക്കലായി ‘വ്യാഖ്യാനിച്ച് അയാളുടെ പേജിൽപ്പോയി സൈബർവിരേചനങ്ങൾ നടത്താം. അയാൾക്കെന്ത് തേങ്ങയാണ്?

‘കമ്മട്ടിപ്പാടങ്ങളിൽ’ ഒതുങ്ങാൻ വിധിക്കപ്പെട്ട ‘ ദളിത് ദൈന്യതയുടെ ഉടൽരൂപമല്ല അയാൾ. കറുപ്പിനെ പരിഹസിച്ചും കള്ളനാക്കിയും ചിരിച്ചും തൊഴിച്ചും രസിച്ച ‘ജാതി’ ശരീരങ്ങളുടെ അതിരുകളിൽ നിന്നും സിനിമയെ വഴിതിരിച്ചുവിട്ടവനാണ്. കമ്മട്ടിപ്പാടത്തിലെ പരാജിതന്റെ മുഖമല്ല ജീവിതത്തിൽ അയാൾക്കുള്ളത്.’ കൊടുങ്കാറ്റിനും ഇടിവെട്ടിനും ഇടയിൽ നിന്നു കൊണ്ട് ഗർജ്ജിക്കുകയാണ് നമ്മുടെ കടമ !” എന്ന മയക്കോവ്സ്കി വാക്കുകൾ അയാളിൽക്കേൾക്കാം.

അവാർഡ് കിട്ടിയപ്പോൾ ‘അമ്മയ്ക്ക് മുത്തം കൊടുക്കാൻ ‘ പത്രക്കാര് പറഞ്ഞപ്പോ ‘ജീവിതത്തിൽ എനിക്കഭിനയിക്കണ്ടാ ‘ന്ന് തീർത്തങ്ങ് പറഞ്ഞോനാണ്. നിങ്ങൾക്ക് കണ്ണ് നനയ്ക്കാനും മൂക്കു ചീറ്റാനും വേണ്ടി അയാൾ ഇല്ലായ്മക്കഥകൾ പറഞ്ഞ് വരില്ല.

അയാള് പണ്ട് ഫയർ ഡാൻസറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാൽപ്പോലും അയാൾക്കൊരു ചുക്കും വരാനില്ല..

തിരക്കഥയെഴുതാതെ തന്നെ അയാൾ സംവിധാനം ചെയ്ത മൂർച്ചയുള്ള ഒരു ‘സാമൂഹ്യവിമർശനചിത്ര ‘മാണ് അയാളുടെ ഇപ്പോഴത്തെ പ്രൊഫൈൽ .അയാൾ എത്ര ഗംഭീരമായാണ് തന്റെ രാഷ്ട്രീയം ആ പേജിലൂടെ പങ്കുവെച്ചത്! കവർ ഫോട്ടോയിലെ അയ്യനും പ്രൊഫൈൽ ഫോട്ടോയിലെ ‘കാളി’യും ചേർത്തു വെച്ചാൽ ‘അയ്യങ്കാളി’!

അതു തന്നെയാണ് അയാളുടെ രാഷ്ട്രീയം.?

ഒന്നടിച്ചാൽ തിരിച്ചു രണ്ടടി ‘ എന്ന അയ്യങ്കാളിയുടെ മുദ്രാവാക്യം സിരകളിലുൾപ്പേറുന്നവനെയാണ് ‘മിത്രങ്ങള് ‘മര്യാദ പഠിപ്പിക്കാൻ നോക്കണത്. ഇൻബോക്സിലുള്ള മര്യാദ പഠിപ്പിക്കലായോണ്ട് പ്രശ്നമില്ല. നേരിട്ട് ചെല്ലണ്ട. ഓഷോ സൂക്തങ്ങളും അച്ചടിഭാഷയുമൊന്നും അയാളിൽ നിന്ന് പ്രതീക്ഷിക്കണ്ട.കാല് മടക്കിയുള്ള അയ്യങ്കാളി മോഡൽ അടിയാവും മറുപടി.

പിന്തുണ നൽകാൻ പോലും ഭയക്കണം.

‘ഒരുത്തന്റേം പിന്തുണ കണ്ടല്ല ഞാൻ പറയാനുള്ളത് പറയണതെ’ന്ന് പറഞ്ഞ് പിന്തുണക്കാരെപ്പോലും അയാളങ്ങ് ചമ്മിച്ചുകളയും.

അതോണ്ട് പിന്തുണയൊന്നുമില്ല.

‘തൊട്ടപ്പൻ’ ഇറങ്ങിയ അന്നന്നെ കാണും. അത്രതന്നെ!

https://www.facebook.com/deepa.nisanth/posts/1144963712376990

shortlink

Related Articles

Post Your Comments

Related Articles


Back to top button