അമേരിക്ക അധിക നികുതി ചുമത്തിയ നടപടിക്ക് നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്ന് മെക്‌സിക്കോ. അടുത്ത ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപസ് പറഞ്ഞു.
കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായാണ് മെക്‌സിക്കോയ്ക്ക് നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് മെക്‌സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റം അവസാനിപ്പിക്കുന്നത് വരെ മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 5 ശതമാനം നികുതി ഈടാക്കുമെന്നാണ് പ്രഖ്യാപനം. അമേരിക്കയുമായി സംഘട്ടനം ആഗ്രഹിക്കുന്നില്ലെന്ന് മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാന്വല്‍ ലോപസ് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പറഞ്ഞു.
അടുത്ത ബുധനാഴ്ച വിഷയം ചര്‍ച്ച ചെയ്യാന്‍ വാഷിങ്ടണില്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ യോഗം ചേരും. യോഗത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പങ്കെടുക്കും. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുംവരെ നികുതി പടിപടിയായി ഉയര്‍ത്തുമെന്നും അതിര്‍ത്തിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി അത്യാവശ്യമാണെന്നുമാണ് അമേരിക്കയുടെ നിലപാട്. അഭയാര്‍ഥിപ്രവാഹം തടയാന്‍ മെക്‌സിക്കോ ഒന്നുംചെയ്യുന്നില്ലെന്നും നികുതി സമ്മര്‍ദം ചെലുത്താനുള്ള നടപടിയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Post Your Comments