Latest NewsLife StyleHealth & Fitness

എച്ച് വണ്‍ എന്‍ വണ്‍ പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേരളത്തില്‍ മഴയെത്തും മുമ്പേ എച്ച്1എന്‍1 പനി പടര്‍ന്നു തുടങ്ങി. കഴിഞ്ഞ മാസം മാത്രം എച്ച്1 എന്‍1 ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പത്തിലധികമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസുള്ള പെണ്‍കുട്ടി മരിച്ചത് ഏതാനും ദിവസം മുന്‍പാണ്.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിസര ശുചിത്വവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് എച്ച് 1എന്‍1നെ പ്രതിരോധിക്കാന്‍ സാധിക്കൂ. സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ, പന്നിപ്പനി അല്ലെങ്കില്‍, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്നീ പേരിലൊക്കെ അറിയപ്പെടുന്ന ഈ അസുഖം 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുളളതാണ്. ആര്‍എന്‍എ വൈറസുകളുടെ ഗണത്തില്‍പ്പെടുന്ന ഒരു ഇന്‍ഫ്‌ളുവന്‍സ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തില്‍ പകരുന്നതാണ് ഈ വൈറസ്. ആദ്യകാലങ്ങളില്‍ പന്നികളില്‍ കാണപ്പെട്ടതിനാലാണ് പന്നിപ്പനി എന്ന പേരുവന്നതും. മൃഗങ്ങളിലൂടെയോ, രോഗബാധിതരായ ആളുകളുടെ ശ്വാസകോശ ശ്രവത്തിലൂടെയോ പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ രോഗം പകരുവാനുള്ള സാധ്യതയുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു. ഇങ്ങനെയാണ് എച്ച്1 എന്‍1 വ്യാപിക്കുന്നത്.

എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍?

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് എച്ച്1 എന്‍1ന്റെ ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം ബാധിച്ചാല്‍ കൂടുതല്‍ അപകടകരമാകാന്‍ ഇടയുണ്ട്. രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമമാണ് ആവശ്യം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിരേയും മരുന്നുകള്‍ നല്‍കും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം.

രോഗം പടരാതെ ശ്രദ്ധിക്കാം…

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക. ജലദോഷപ്പനിയുണ്ടെങ്കില്‍ വീട്ടില്‍ വിശ്രമിക്കാം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പോഷകാഹാരങ്ങള്‍ കഴിക്കുക, ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, മറ്റു ദീര്‍ഘകാല രോഗമുള്ളവര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എന്‍1 പനിയും തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button