Latest NewsCricketSports

പരിശീലനം ഒഴിവാക്കി വിനോദയാത്ര നടത്തി; ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനം

സതാംപ്ടണ്‍: ലോക കപ്പിന് മുന്നോടിയായുള്ള കഠിന പരിശീലനത്തിന് ഇടവേള നല്‍കി ഇന്ത്യന്‍ ടീം ഉല്ലാസയാത്രയ്ക്ക് പോയതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഇന്നലെയാണ് ടീം പരിശീലനം ഒഴിവാക്കി വിനോദയാത്രയ്ക്ക് പോയത്. സതാംപ്ടണില്‍ പെയിന്റ് ബോള്‍ കളിക്ക് പോയ ചിത്രങ്ങള്‍ കളിക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. എന്നാല്‍ ലോകകപ്പിനിടെയുള്ള ടീമിന്റെ ഈ നടപടി ശരിയായില്ലെന്ന വാദവുമായി ഉടന്‍ തന്നെ വിമര്‍ശകരും എത്തി.

ചായങ്ങള്‍ നിറച്ച വെടിയുണ്ടകള്‍ കൊണ്ടുള്ള വെടിവയ്പ്പാണ് പെയിന്റ് ബോള്‍ കളി. ശരിക്കും രസകരമായ ഒരു യുദ്ധമാണിത്. ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബൂമ്രയുടെ ട്വിറ്റര്‍ പേജിലാണ് ആദ്യം ഈ ചിത്രമെത്തിയത്. പിന്നാലെ മറ്റ് കളിക്കാരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു തുടങ്ങി. ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള പട്ടാളക്കുപ്പായത്തില്‍ താരങ്ങള്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇവയില്‍ ഏറെയും. എന്നാല്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പുറത്ത് വിട്ട വീഡിയോ അല്‍പ്പം കൂടി രസകരമായിരുന്നു. സതാംപ്ടണിലെ ഒരു കാട്ടിലായിരുന്നു ഇന്ത്യന്‍ ടീമിനായുള്ള പെയിന്റ് ബോള്‍ മത്സരം. കളിക്കാര്‍ക്കൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫും മത്സരത്തിനിറങ്ങി. സതാംപ്ടണില്‍ മൂന്ന് ദിവസം മുന്‍പ് തന്നെയെത്തിയ ഇന്ത്യന്‍ ടീം എല്ലാ ദിവസവും ദീര്‍ഘനേരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ആദ്യ മത്സരത്തിനായുള്ള നീണ്ട കാത്തിരിപ്പും കഠിന പരിശീലനങ്ങളും താരങ്ങളെ മാനസികമായി തളര്‍ത്തുമെന്ന നിഗമനത്തിലാണ് ടീം വിനോദ പരിപാടികള്‍ക്കിറങ്ങിയത്. നല്ല ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെങ്കിലും കളിക്കാരുടെ ട്വീറ്റിന് താഴെ വിമര്‍ശകരുമെത്തി. ടീം പോയത് ലോകകപ്പ് നേടാനാണെന്നും പിക്‌നിക്കായി കാണരുതെന്നുമാണ് വിമര്‍ശകരില്‍ ചിലരുടെ അഭിപ്രായം.

https://www.instagram.com/p/ByIWjPclBBp/?utm_source=ig_web_button_share_sheet

 

ശ്രദ്ധ ക്രിക്കറ്റില്‍ തന്നെയാണോ എന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും മറ്റ് ചിലര്‍ ടീമിനെ ഉപദേശിക്കുന്നുണ്ട്. വിമര്‍ശകര്‍ക്ക് ഏതായാലും മറുപടി നല്‍കാന്‍ കളിക്കാര്‍ മെനക്കെട്ടിട്ടില്ല. ബുധനാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button