പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഹനങ്ങളോടുള്ള പ്രേമം പ്രസിദ്ധമാണ്. വാഹനങ്ങളില്‍ അദ്ദേഹത്തിന് ഏറെയിഷ്ടം എസ് യുവികളാണ്. തെരെഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത് മോദിയുടെ ചിട്ടയായ യാത്രകളും പ്രചരണപരിപാടികളുമാണ്. ഇതിനൊക്കെ അദ്ദേഹത്തെ സഹായിച്ചത് ഈ ഇഷ്ടവാഹനങ്ങളുമായുള്ള കൂട്ടുകെട്ട് തന്നെയാവണം.
ഏതാണ്ട് മുപ്പതോളം വാഹനങ്ങളാണു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവുക. ഇതില്‍ ഏതാനും കാറുകള്‍ ജാമറുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ സ്ഥാപിച്ചവയാണ്. സുരക്ഷാവിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു പുറമെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്ഥ സംഘം, വിവിഐപിയെ അനുഗമിക്കുന്ന മാധ്യമസംഘം എന്നിവരും വാഹനവ്യൂഹത്തിലുണ്ടാകും. ഇതുകൂടാതെ ഡോക്ടര്‍മാരടക്കമുള്ള ആംബുലന്‍സ് സംവിധാനങ്ങളും ഒപ്പമുണ്ടാകും.
ഔദ്യോഗിക വാഹനം ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ ഫീച്ചറുകളുളള സെവന്‍ സീരീസ് ആണ് മോദിക്കുള്ളതെങ്കിലും ഇടയ്ക്കിടെ എസ്യുവികളിലും മോദി സഞ്ചരിക്കാറുണ്ട്. എസ്പിജിയുടെ റേഞ്ച് റോവര്‍ സെന്റിനലിലും, ലാന്റ് ക്രൂസറിലും മോദി സഞ്ചരിക്കാറുണ്ട്. ഇതുകൂടാതെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ 8 മുതല്‍ 10 വരെ ബിഎംഡബ്ല്യു എകസ് 5 സെക്യൂരിറ്റി പ്ലസുമുണ്ട്. ഇവയെല്ലാം തന്നെ അതീവ സുരക്ഷയുള്ള വാഹനങ്ങളാണ്. മോദിയുടെ മെഡിക്കല്‍ സംഘത്തിന് സഞ്ചരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ മെഴ്‌സിഡീസ് ബെന്‍സിന്റെ സ്പിന്റര്‍ വാനും ഇലക്ട്രോണിക് കൗണ്ടര്‍മെഷര്‍ വാഹനമായി ഒരു ടാറ്റ സഫാരിയുമുണ്ടാകും ഈ വാഹന വ്യൂഹത്തില്‍.
ബിഎംഡബ്ലു 7 സീരീസ്
ബിഎംഡബ്ലു 7 സീരീസ് ഹൈസെക്യൂരിറ്റി വാഹനമാണ് മോദിക്കുള്ളത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എസ്്പിജിയുടെ നിര്‍ദ്ദേശ പ്രകാരം അതിസുരക്ഷാ ബിഎംഡബ്ല്യു പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വാങ്ങുന്നത്. പിന്നീട് അധികാരത്തിലെത്തിയ മോദി സെവന്‍ സീരിസിനെ അടിസ്ഥാനപ്പെടുത്തിയ ഹൈസെക്യൂരിറ്റി വാഹനമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ എകദേശം എട്ടരക്കോടി രൂപ വിലയുള്ള ഈ വാഹനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്. മെഷിന്‍ ഗണ്ണിനെയും ഗ്രനേഡിനെയും പ്രതിരോധിക്കാനും കുഴിബോംബ് സ്‌ഫോടനം അടക്കമുള്ളവ പ്രതിരോധിക്കാനും ഈ വാഹനത്തിന് ശേഷിയുണ്ട്.
വിആര്‍ സെവന്‍ ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരമാണ് ബിഎംഡബ്ല്യു 7 സീരിസ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ സെവന്‍ സീരീസില്‍നിന്നു വലിയ വ്യത്യാസം കാഴ്ചയില്‍ ഈ കാറിനില്ല. അത്യാഡംബരം നിറഞ്ഞതാണ് കാറിന്റെ അകവശം. പഞ്ചറായായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് ഇതിനുള്ളത്. കൂടാതെ രാസായുധങ്ങള്‍, സ്നിപ്പറുകള്‍ തുടങ്ങിയവയെയും തടയും. ഇന്‍ ബില്‍ഡ് ഫയര്‍സെക്യൂരിറ്റിയുണ്ട് കാറില്‍. വാഹനത്തിനുള്ളില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാര്‍ക്കു ശുദ്ധവായു നല്‍കാന്‍ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണിതിനുള്ളത്. ആറു ലീറ്റര്‍ ശേഷിയുള്ള എന്‍ജിന് 5250 ആര്‍പിഎമ്മില്‍ 544 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 750 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.2 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന 760 എല്‍ഐ ഹൈസെക്യൂരിറ്റിയുടെ കൂടിയ വേഗം 210 കിലോമീറ്ററാണ്.
ലാന്‍ഡ് ക്രൂസര്‍
രാജ്യത്തെ ആദ്യത്തെ 14 വരി പാതയും 7500 കോടി രൂപയുടെ പദ്ധതിയുമായ ഡല്‍ഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാന്‍ മോദി എത്തിയത് ടൊയോട്ട ലാന്‍ഡ് ക്രൂസറിലായിരുന്നു. പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്പിജെ ഉപയോഗിക്കുന്ന തരം അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാന്‍ഡ് ക്രൂസറിലാണ് മോദി എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചത്. ഇത്തരത്തിലുള്ള രണ്ട് ലാന്‍ഡ് ക്രൂസറുകളാണ് മോഡിക്ക് സുരക്ഷയേകുന്നത്. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ്യുവിയാണ് ലാന്‍ഡ് ക്രൂസര്‍. 4461 സിസി വി8 ഡീസല്‍ എന്‍ജിനാണ് ഈ കരുത്തന്‍ എസ്യുവിയെ ചലിപ്പിക്കുന്നത്. 3400 ആര്‍പിഎമ്മില്‍ 262 ബിഎച്ച്പി കരുത്തും 1600 ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍.
റേഞ്ച് റോവര്‍
സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത് അതിസുരക്ഷ പ്രദാനം ചെയ്യുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറിലായിരുന്നു. ബിഎംഡബ്ല്യു സെവന്‍ സീരിസ് ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി റേഞ്ച് റോവര്‍ സ്വീകരിച്ചത് എന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ സെന്റിനല്‍. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്. കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍. സാധാരണ റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ നിന്നും ഇതിന് കാഴ്ചയില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ല. 7.62 എംഎം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണിതിനുള്ളത്. കൂടാതെ 15 കിലോഗ്രാം ടിഎന്‍ടി ബോംബ് ബ്ലാസ്റ്റില്‍ നിന്ന് വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷി ഈ എസ്യുവിക്കുണ്ട്.പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 335 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. കൂടിയ വേഗം ഏകദേശം 225 കിലോമീറ്റര്‍.
മഹീന്ദ്ര സ്‌കോര്‍പിയോ
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി സ്‌കോര്‍പ്പിയോ ആയിരുന്നു മോദിയുടെ ഇഷ്ട വാഹനം. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഇന്ത്യയുടെ സ്വന്തം സ്‌കോര്‍പിയോ തന്നെ ഉപയോഗിക്കാനായിരുന്നു മോദിക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേനയായ എസ്പിജിയുടെ എതിര്‍പ്പു മൂലം ആ ആഗ്രഹം നടന്നില്ല.
Post Your Comments