Latest NewsKerala

മലയാളത്തിന് നീർമാതളത്തിന്റെ ഗന്ധം നഷ്ടമായിട്ട് ഒരു പതിറ്റാണ്ട്

തൃശൂര്‍: മലയാള സാഹിത്യത്തിലെ നീർമാതളത്തിന്റെ ഗന്ധം നഷ്ടമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.മാധവിക്കുട്ടി എന്ന ആമിയോപ്പൂവിന്‍റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം എന്ന ഗ്രാമം. കമല, കമലാദാസ് ആയതും മാധവിക്കുട്ടിയായതും കമല സുരയ്യ ആയതും മലയാള മണ്ണിലായിരുന്നു. കമലസുരയ്യ എന്ന പേരിനൊപ്പം ലഭിച്ച വിമര്‍ശനങ്ങളും നോവുകളും ഉള്ളിലടക്കി ജീവിച്ചു അവസാനകാലം. പിന്നീട് എല്ലാ വിവാദങ്ങള്‍ക്കും അവധി നല്‍കി അവര്‍ മടങ്ങുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതളത്തിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരി ഇന്ന് മലയാള സാഹിത്യലോകത്തിന് നോവിക്കുന്ന ഓര്‍മ്മ മാത്രം! എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചാണ് അവര്‍ ലോകത്തോട് വിട ചൊല്ലിയത്.

മലയാളത്തില്‍ ഇനി എഴുതുകയില്ല എന്ന് പറഞ്ഞാണ് കമല സുരയ്യ മറുനാടിന്‍റെ സുരക്ഷയിലേക്ക് വണ്ടികയറിയത്. എന്നാല്‍, മലയാള സാഹിത്യത്തിന് കമല നല്‍കിയ തുടക്കം വിപ്ലവകരമായിരുന്നു. സ്ത്രീപക്ഷമോ പുരുഷ പക്ഷമോ പറയാതെ സ്ത്രീയുടെ വികാര വിചാര തലങ്ങള്‍ തഴുകി തലോടിയാണ് കമലയുടെ കഥകളും നോവലുകളും പിറവികൊണ്ടത്.

കലാകാരി മറിച്ച് പത്ത് വർഷം പിന്നിടുമ്പോൾ സാഹിത്യ അക്കാദമി നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച കമല സുരയ്യ സ്മാരകത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.നാലപ്പാട്ട് എന്ന തറവാട് ഇന്നില്ല. പക്ഷേ, മാധവിക്കുട്ടിയുടെ വരികളിലൂടെ ലോകപ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്. ഒരു മരച്ചുവട്ടില്‍ നിന്ന് മറ്റൊരു മരച്ചുവട്ടിലേക്കുളള യാത്രയായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം.

നാലാപ്പാട്ടെ മണ്ണില്‍ കാലുകുത്തിയാല്‍ ആദ്യം കണ്ണില്‍പെടുക നിഴല്‍ വീണു കിടക്കുന്ന സര്‍പ്പക്കാവും നീര്‍മാതളവും തന്നെ. പൂഴിമണ്ണിലൂടെ നടന്നാല്‍ കമല സുരയ്യ സ്മാരകത്തിലെത്താം.കഥാകാരി ഉപയോഗിച്ചിരുന്ന ആഭരണപെട്ടിയും കണ്ണാടിയും കട്ടിലുമുള്‍പ്പെടെ എല്ലാം ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്ബാണ് മാധവിക്കുട്ടിയുടെ പേരിലുളള 17 സെന്‍റും പുന്നയൂര്ക്കുളം സ്വദേശി കെ പി സുകുമാരന്‍ നല്‍കിയ 13 സെന്‍റും ഉപയോഗിച്ച്‌ സാഹിത്യ അക്കാദമി ഈ ബഹുനില കെട്ടിടം പണിതത്. എന്നാല്‍, പിന്നീട് സാഹിത്യ അക്കാദമിയുടെ ഒരു ശ്രദ്ധയും ഇങ്ങോട്ടില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്. എന്നാൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് അക്കദമി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button