ഇരവികുളം നാഷണൽ പാർക്കിൽ എത്തിയ വില്ലേജ് ഓഫീസറുൾപ്പെടെയുള്ള സന്ദർശകർക്ക് നേരിട്ടത് കടുത്ത അപമാനം. കുട്ടികളുടെ സ്കൂൾ വെക്കേഷൻ തീരുന്നതിനു മുമ്പ് അവരുമൊത്തു ഒരു വിനോദയാത്രയ്ക്ക് പോയതായിരുന്നു വില്ലേജോഫീസറായ ശ്രീ. രമേശും കുടുംബവും. ഇവരോടൊപ്പം കുടുംബ സുഹൃത്തുക്കളായ 5 ഫാമിലികൾ കൂടെയുണ്ടായിരുന്നു. കുട്ടിപ്പട്ടാളങ്ങളടക്കം 22 പേർ സംഘം അടിച്ചുപൊളിച്ച് അർമ്മാദിച്ച് മൂന്നാറൊക്കെ ചുറ്റിയടിക്കാനായി പുറപ്പെട്ട യാത്രയാണ് സങ്കടത്തിൽ കലാശിച്ചത്. അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ ദുരവസ്ഥ പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
ഇരവികുളം നാഷണൽ പാർക്ക് ടിക്കറ്റ് കൗണ്ടറിലെ സർക്കാർ ജീവനക്കാർ തെരുവു ഗുണ്ടകളോ ? കുട്ടികളുടെ സ്കൂൾ വെക്കേഷൻ തീരുന്നതിനു മുമ്പ് അവരെയൊന്ന് സന്തോഷിപ്പിക്കാമെന്ന ഉദ്ദേശ്യത്തോടെ ഞായറാഴ്ച പുലർച്ചെ മൂന്നാറിലേക്ക് പുറപ്പെട്ടു. ഞങ്ങളോടൊപ്പം കുടുംബ സുഹൃത്തുക്കളായ 5 ഫാമിലികൾ കൂടെയുണ്ടായിരുന്നു. കുട്ടിപ്പട്ടാളങ്ങളടക്കം 22 പേർ സംഘം അടിച്ചുപൊളിച്ച് അർമ്മാദിച്ച് മൂന്നാറൊക്കെ കണ്ടാസ്വദിച്ച് ഇരവികുളം നാഷണൽ പാർക്ക് കൂടെ സന്ദർശിച്ച് ടൂറിന് പരിസമാപ്തി കുറിക്കാം എന്ന ലക്ഷ്യത്തോടെ 27/05/2019 വൈകീട്ട് കൃത്യം 4.10 ന് ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തി.
ടിക്കറ്റെടുക്കാൻ ചെന്നപ്പോൾ ഇന്നത്തെ ടിക്കറ്റ് ക്ലോസ് ചെയ്തു ഇനി നാളെയേ പറ്റു എന്ന മറുപടി കിട്ടി. നിരാശയോടെ തിരിച്ചു പോരാൻ നിന്നപ്പോൾ പ്രിയ സുഹൃത്ത് കുമാർജി , ടിക്കറ്റ് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥരോട് ഏറെ വിനയാന്വിതനായി ഞങ്ങൾ പാലക്കാട്ടു നിന്നാണെന്നും കടത്തിവിടാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് കേണപേക്ഷിക്കുന്നതു കണ്ടു. ഒഴിഞ്ഞ ടിക്കറ്റ് കൗണ്ടറിലിരുന്ന് വാട്സാപ്പ് മെസ്സേജ് നോക്കി ആസ്വദിച്ചിരുന്ന ബിനീഷ് ജയിംസ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന നെയിം ബോർഡ് പോക്കറ്റിൽ തൂക്കിയിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും പുചഛത്തോടെയുള്ള മറുപടി ” ഞങ്ങൾ ബോംബെക്കാരെ തിരിച്ചു വിട്ടിരിക്കുന്നു , പിന്നെയാണോ നിങ്ങൾ ?
” അവസാന ശ്രമമെന്നോണം കുമാർജി തന്റെ അടുത്ത പരിചയക്കാരനായ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ മൊബൈലിൽ വിളിച്ച് ടിയാന്റെ നിർദ്ദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ, ആ ഫോൺ വാങ്ങാതെ കുമാർജിയോട് ആക്രോശിക്കുന്നത് കണ്ടപ്പോൾ അതുവരെ നിശബ്ദനായി രംഗം വീക്ഷിച്ചു നിന്ന ഞാനൊന്ന് ഇടപെട്ടു. വിനയപൂർവ്വം ഞാനെന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി വില്ലേജാഫീസറാണെന്നും അറിയിച്ചു. നിയമത്തിന്റെ പേരുപറഞ്ഞ് അത് നടപ്പിലാക്കാൻ താങ്കൾ കാണിക്കുന്ന കാർക്കശ്യത്തേയും താങ്കളുടെ തന്നെ വകുപ്പിലെ മേലുദ്യോഗസ്ഥനായ ഒരാളുടെ ഫോണെന്നറിഞ്ഞിട്ടും അത് അറ്റന്റ് ചെയ്യാതിരുന്ന നടപടിയേയും ഞാൻ ചോദ്യം ചെയ്യുന്നില്ല പക്ഷേ ടൂറിസ്റ്റുകളോട് അൽപം മാന്യമായി പെരുമാറിക്കൂടെ?
താങ്കളെന്തിനാണ് എന്റെ സുഹൃത്തിനെ ചീത്ത പറഞ്ഞത് ? ഇത് കേട്ടപ്പോഴേക്കും ബിപി കേറി സകല നിയന്ത്രണവും വിട്ട ബിനീഷ് ജയിംസ് സീറ്റിൽ നിന്ന് എഴുന്നേറ്റ് എന്നോട് ആക്രോശിച്ചു. ” ഇയാള് ഞങ്ങളെ പെരുമാറ്റമൊന്നും പഠിപ്പിക്കണ്ട , മര്യാദയ്ക്ക് സംസാരിച്ചോ അല്ലെങ്കിൽ വിവരമറിയും “. തന്റെ തെറ്റ് ചുണ്ടാക്കാണിച്ച , സർക്കാർ ഉദ്യോഗസ്ഥനാണെന്ന് കൂടി വെളുപ്പെടുത്തിയ എന്നോട് ഇതാണ് മനോഭാവമെങ്കിൽ സാധാരണക്കാരോട് ഇവരുടെ മനോഭാവമെന്തായിയിരിക്കുമെന്നൂഹിച്ച ഞാൻ രണ്ടു മിനിറ്റുനേരം അദ്ദേഹവുമായി തർക്കിച്ചു. ഫാമിലിയുമായി വന്ന് നമ്മളൊരു തർക്കത്തിനു നിൽക്കണ്ട നമുക്കു പോകാമെന്നു പറഞ്ഞ് സുഹൃത്തുക്കളെന്നെ പിന്തിരിപ്പിച്ചു.
തൊട്ടപ്പുറത്തു നിന്ന് ഓരോ ചായയും കുടിച്ച് മുന്നൂറ് മീറ്റർ അകലെ പാർക്ക് ചെയ്ത വാഹനത്തിനടുത്തേക്ക് നടന്ന ഞങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ട് ബിനീഷ് ജയിംസ് വാച്ചർമാരും മറ്റു ഉദ്യോഗസ്ഥരുമടങ്ങുന്ന 25 ഓളം വരുന്ന സംഘവുമായി എന്റെ നേരെ പാഞ്ഞടുത്തു. ” പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ഇയാളെ ഇന്ന് തല്ലിയിട്ടേ വിടൂ , ഡി വൈ എസ് പി വരെ ഇവിടുന്ന് തല്ലു വാങ്ങിയിട്ട് പോയിട്ടുണ്ട് പിന്നെയാണോ വില്ലേജ് ഓഫീസർ ? യൂണിഫോം ഇട്ട ഉദ്യോഗസ്ഥനെ സാർ എന്നു വിളിക്കാതെ തർക്കിക്കാൻ വന്നിരിക്കുന്നു ” . അപ്രതീക്ഷിതമായി തെരുവുഗുണ്ടകളേപ്പോലുള്ള അവരുടെ പെരുമാറ്റത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം പേടിച്ചു പോയെങ്കിലും ഞാനും സുഹൃത്തുക്കളും പതറാതെ നേരിട്ടപ്പോൾ , അടിക്കാനോ മാപ്പു പറയിക്കാനോ ആവാതെ അരമണിക്കൂറിനുശേഷം അവർ പിന്മാറി.
കണ്ടു നിന്നിരുന്ന ഡ്രൈവർമാരും കടക്കാരും ഇതിവിടുത്തെ സ്ഥിരം പതിവാണെന്നും പലരേയും ഇവർ അടിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. അവിടെ നിന്നും തിരിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം ഗൂഗിളിൽ നിന്നും നമ്പർ തപ്പിയെടുത്ത് മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിളിച്ച് ഞങ്ങൾക്കുണ്ടായ അനുഭവം വിവരിച്ചു. വളരെ ശ്രദ്ധാപൂർവ്വം കേട്ട അദ്ദേഹം , അടുത്തിടെ സർവ്വീസിൽ കേറിയ ജനങ്ങളോട് പെരുമാറാനറിയാത്ത ചില ജീവനക്കാരാണ് ഡിപ്പാർട്ട്മെന്റിനാകെ നാണക്കേടുണ്ടാക്കുന്നതെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിക്കുകയും മൂന്നാർ വൈൽഡ് ലൈഫ് വാർഡനാണ് പരാതി നൽകേണ്ടതെന്നും അവരുടെ നമ്പർ തരുകയും ചെയ്തു.
വളരെ വിനയത്തോടെ ഞങ്ങളോട് ഫോണിൽ സംസാരിച്ച മാഡം, പരാതി മെയിൽ ചെയ്യാനും നാളെ തന്നെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഉറപ്പു നൽകി. ടൂറിസ്റ്റുകളോട് ഏറെ ഹൃദ്യമായി പെരുമാറുന്ന ഉന്നതോദ്യോഗസ്ഥരുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ താഴെക്കിടയിൽ ബിനീഷ് ജയിംസിനെപ്പോലുള്ള ക്രിമിനലുകൾ വർക്ക് ചെയ്യുന്നത് വകുപ്പിനാകെ അപമാനമാണല്ലോ എന്നോർത്തുപോയി. ഇതനുവദിച്ചുകൂടാ. ബന്ധപ്പെട്ടവർക്കൊക്കെ പരാതി മെയിൽ ചെയ്തിട്ടുണ്ട് . ടൂറിസത്തെ പ്രൊമോട്ട് ചെയ്യാൻ കഠിനാദ്ധ്വാനം ചെയ്യുന്ന സർക്കാറിന്റെ ജനസമ്പർക്ക ഓഫീസുകളിൽ വന്യമായ പെരുമാറ്റങ്ങൾ മാത്രം ശീലിച്ച ഇത്തരം ക്രിമിനലുകൾ ഇരിക്കാൻ അർഹരല്ല.
സർക്കാർ സേവനം ബിനീഷ് ജയിംസുമാരുടെ ഔദാര്യമല്ല ; ജനങ്ങളുടെ അവകാശമാണ്. ഈ ദുരനുഭവം മറ്റൊരു ടൂറിസ്റ്റിനും ഉണ്ടാവാതിരിക്കട്ടെ ! അധികൃതർ ഉചിതമായ നടപടിയെടുക്കട്ടെ !
Post Your Comments